ഫ്രാൻസിൽ വീണ്ടും ലെകോർണു രാജിവെച്ച് നാല് ദിവസത്തിന് ശേഷം
പാരീസ്: രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന ഫ്രാൻസിൽ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.രാജിവച്ച് നാല് ദിവസത്തിന് ശേഷമാണ് ലെകോർണു വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നത്.നീണ്ട ചർച്ചകൾക്കും കൂടിക്കാഴ്ചക്കും ശേഷമാണിത്. ചുമതലയേറ്റ ലെകോർണു തന്റെ ദൗത്യം കടമയായി കാണുന്നുവെന്നും,രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും വ്യക്തമാക്കി.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.എലിസി കൊട്ടാരത്തിൽ നിന്നുള്ള പ്രസ്താവന പ്രകാരം,പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചുമതല ലെകോർണുവിനായിരിക്കും.പുതിയ മന്ത്രിസഭയിൽ ചേരുന്നവർ 2027ലെ പ്രസിഡന്റ് സ്ഥാനമോഹങ്ങൾ മാറ്റിവയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ നിന്ന് പരിചിതരായ വ്യക്തികളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചതിന് ലെകോർണുവിന് വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
അധികാരമേറ്റ് 26 ദിവസത്തെ ഭരണത്തിനൊടുവിലാണ് ലെകോർണു രാജിവച്ചത്. രണ്ടു വർഷത്തിനിടെ അഞ്ചു പ്രധാനമന്ത്രിമാരാണ് രാജിവച്ചത്.അതോടെ ഫ്രാൻസ് കൂടുതൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലായി.രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിൽ സെപ്തംബറിലാണ് ഫ്രാങ്കോയിസ് ബെയ്‌റൂവിനെ മാറ്റി ലെകോർണു ഫ്രാൻസിന്റെ പ്രധാനമന്ത്രിയായത്.