'രാത്രി പന്ത്രണ്ടരയ്ക്ക് അവൾ എന്തിന് പുറത്തിറങ്ങി?' മമതാ ബാനർജിയുടെ പരാമർശം ഇരയെ അപമാനിക്കുന്നതെന്ന് വിമർശനം

Sunday 12 October 2025 6:06 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിലെ ദുർഗാപൂരിൽ എംബിബിഎസ് വിദ്യാ‌ർത്ഥിനി കൂട്ടബലാംത്സംഗത്തിന് ഇരയായ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണം വിവാദമാകുന്നു. 23 വയസുള്ള വിദ്യാർത്ഥിനി രാത്രി വൈകി കാമ്പസ് വിട്ടത് എങ്ങനെയെന്നാണ് മമതാ ബാനർജി മാദ്ധ്യമങ്ങൾക്കു മുന്നിൽ ചോദിച്ചത്.

''അവൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ്. ആരുടെ ഉത്തരവാദിത്തമാണത്? 23 വയസുള്ള വിദ്യാർത്ഥി രാത്രി വൈകി കാമ്പസ് വിട്ടത് എങ്ങനെയാണ്? സംഭവത്തിന് ശേഷം മാദ്ധ്യമങ്ങളോട് മമതാ ബാനർജി നടത്തിയ ആദ്യ പരാമർശമാണിത്. സംഭവത്തിൽ പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അവിടുത്തെ വിദ്യാർത്ഥികളുടെ മേലും അവരുടെ രാത്രി സംസ്കാരങ്ങളിലും ശ്രദ്ധയുണ്ടാകണമെന്ന് മമതാ ബാനർജി പറഞ്ഞു.''വിദ്യാർത്ഥികളെ പുറത്ത് കടക്കാൻ അനുവദിക്കരുത്. അവർക്ക് സ്വയം സംരക്ഷിക്കാനാകണം. ഇതൊരു വനപ്രദേശമാണെന്നും'' അവർ കൂട്ടിച്ചേർത്തു.

എന്നാൽ, ലൈംഗികാതിക്രമ കേസുകളിൽ നീതി ഉറപ്പാക്കുന്നതിന് പകരം മമതാ ബാനർജിയുടെ പരാമർശം ഇരയെ അപമാനിക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. മമത, സ്ത്രീത്വത്തിനേറ്റ കളങ്കമാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ എക്സിൽ കുറിച്ചു. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പറയുന്ന ഒരു മുഖ്യമന്ത്രിക്ക് ഓഫീസിൽ തുടരാൻ അർഹതയില്ലെന്നും രാജിവയ്ക്കണമെന്നും ബിജെപി വക്താക്കൾ പറഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷാ ഉത്തരവാദിത്തം സ്വകാര്യ കോളേജുകളുടേത് മാത്രമാക്കിതീർക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്.

എന്നാൽ, അയൽസംസ്ഥാനമായ ഒഡീഷയിലെ ബലാത്സംഗകേസുകളുടെ പേരിൽ അവിടുത്തെ ബിജെപി സർക്കാരിനെതിരെ മമത ആഞ്ഞടിച്ചു. ഒഡീഷയിലെ കടൽത്തീരങ്ങളിൽ പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ട് ബിജെപി സ‌ർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നും കുറ്റപ്പെടുത്തി. പശ്ചിമബംഗാളിൽ എംബിബിഎസ് വിദ്യാ‌ർത്ഥിനിയ്ക്കുനേരെ നടന്നിരിക്കുന്ന ആക്രമണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമതാബാനർജി ഉറപ്പിച്ച് പറഞ്ഞു.