പാക് വ്യോമാക്രമണത്തിന് താലിബാന്റെ മറുപടി: 58 സൈനികർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്ഥാന്റെ വ്യോമാക്രണങ്ങൾക്കെതിരെ താലിബാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും 30 ലധികം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഇതിന് പ്രതികാരമായി അഫ്‌ഗാൻ സൈന്യം ഡ്യൂറണ്ട് ലൈനിന് സമീപം പാകിസ്ഥാനിലെ ബഹ്റാംപൂർ ജില്ലയിൽ ശനിയാഴ്ച രാത്രി ആക്രമണം നടത്തി.
"പാകിസ്ഥാൻ സ്വന്തം മണ്ണിലെ ഐസിസ് സാന്നിധ്യത്തിന് നേരെ കണ്ണടച്ചു. അഫ്ഗാനിസ്ഥാന്റെ വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്, ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല. പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഒളിച്ചിരിക്കുന്ന ഐസിസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്‌ഗാനിസ്ഥാനുൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐസിസ് ഗ്രൂപ്പ് ഭീഷണിയാണ്," മുജാഹിദ് പറഞ്ഞു.
കാബൂൾ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് ശേഷമാണ് ഹെൽമണ്ട്, കാണ്ഡഹാർ, സാബുൾ, കുനാർ എന്നീ പ്രവിശ്യകളിലെ പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി അഫ്‌ഗാൻ സൈന്യം ആക്രമണം ആരംഭിച്ചത്. ഈ പ്രവിശ്യകളെല്ലാം അഫ്‌ഗാൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
വ്യാഴാഴ്ച അഫ്‌ഗാനിസ്ഥാനിൽ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ രണ്ടെണ്ണം കാബൂളിലും മറ്റൊന്ന് തെക്ക് കിഴക്കൻ പക്തികയിലുമാണ് സംഭവിച്ചത്. അഫ്‌ഗാൻ പ്രതിരോധമന്ത്രാലയം ആക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തി. ഇതിന് പ്രതികാരമായി അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്ഥാൻ സുരക്ഷാ സേനയ്‌ക്കെതിരെ താലിബാൻ സേന കനത്ത തിരിച്ചടി നൽകുന്നുണ്ടെന്ന് അഫ്‌ഗാൻ സൈന്യം പ്രസ്താവന നടത്തി. പ്രതികാര പ്രവർത്തനങ്ങൾ ശനിയാഴ്ച അർദ്ധ രാത്രിയോട് കൂടി വിജയകരമായി അവസാനിച്ചെന്നും പാകിസ്ഥാൻ വീണ്ടും അതിർത്തി ലംഘിച്ചുള്ള ആക്രമണങ്ങൾ നടത്തിയാൽ തങ്ങളുടെ സായുധസേന ശക്തമായി പ്രതികരിക്കുമെന്നും അഫ്‌ഗാന്റെ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖോറസ്മി അറിയിച്ചു.