മലപ്പുറത്ത് 14കാരിയുടെ വിവാഹം നടത്താൻ ശ്രമം; പ്രതിശ്രുത വരനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

Sunday 12 October 2025 6:30 PM IST

മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം നടത്താൻ ശ്രമിച്ച കുടുംബത്തിനെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെയാണ് കേസ്. കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസുളള പെൺകുട്ടിയുടെ വിവാഹ നിശ്ചയം ഇന്നലെയാണ് നടന്നത്. വീട്ടുകാരെ കൂടാതെ ചടങ്ങിനെത്തിയ പത്തുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനുമുൻപും മലപ്പുറത്ത് ശൈശവ വിവാഹം നടന്നതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. അടുത്തകാലത്ത് ഇത്തരം സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം നടന്നത്.

പരിസരവാസികള്‍ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയെ പ്രായപൂര്‍ത്തിയായ യുവാവാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.