അമ്മത്തൊട്ടിൽ : സെൻസർ തകരാറിൽ.... കുഞ്ഞിക്കരച്ചിൽ തന്നെ അലാറം !

Monday 13 October 2025 12:36 AM IST

കോട്ടയം : അനാഥത്വം വിധിച്ച കുഞ്ഞുങ്ങൾക്ക് സംരക്ഷണത്തിലേക്ക് വാതിൽ തുറന്നു കൊടുക്കേണ്ട അമ്മത്തൊട്ടിലിൽ സെൻസർ പ്രവർത്തനരഹിതമായിട്ട് 2 വർഷം. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലാണ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. അതും സാമൂഹ്യവിരുദ്ധരുടെയും, തെരുവ് നായ്‌ക്കളുടെയും നടുവിൽ. മൂന്നു ദിവസം മുൻപ് ഒരാഴ്ച പ്രായമായ ആൺകുഞ്ഞിനെ ഇവിടെ നിന്ന് ലഭിച്ചിരുന്നു. രാവിലെ കരച്ചിൽ കേട്ടാണ് അധികൃതരെത്തിയത്. ഇവിടെ ലഭിക്കുന്ന 28-ാമത്തെ കുട്ടിയാണിത്. 2023 ഡിസംബർ 16 ന് കുഞ്ഞിനെ ലഭിച്ചിരുന്നു. സെൻസർ തകരാർമൂലം അലാറം മുഴങ്ങിയില്ല. ആരോ അമ്മത്തൊട്ടിലിനടുത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട അത്യാഹിത വിഭാഗത്തിലെ ജീവനക്കാരാണ് കുഞ്ഞിനെ എടുത്തത്. എച്ച്.എം.സി മുറപോലെ കൂടിയിട്ടും പ്രശ്നം പരിഹരിക്കുന്നില്ല. വാതിൽ അടഞ്ഞ് അഞ്ച് മിനിറ്റുകൾക്കുശേഷം അലാറം മുഴങ്ങുന്ന സെൻസർ പുതിയത് സ്ഥാപിക്കുമെന്ന് പറച്ചിലിൽ ഒതുങ്ങി.

സാമൂഹ്യവിരുദ്ധരുടെ താവളം

കുട്ടി കരഞ്ഞില്ലെങ്കിൽ ആരും അറിയില്ല. സാമൂഹ്യവിരുദ്ധരുടെ ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ എന്താണ് സംഭവിക്കുകയെന്നത് ചിന്തിക്കാൻ പോലുമാകില്ല. കുഞ്ഞിനെ തൊട്ടിയിൽ കിടത്താൻ ചവിട്ടിയിൽ നിൽക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ അലാറം മുഴങ്ങേണ്ടതാണ്. ഇതാണ് ഇല്ലാതായത്. ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളടക്കമുള്ള സാഹചര്യത്തിൽ അമ്മത്തൊട്ടിലിന്റെ അലാറം മുഴങ്ങാത്തതിനെതിരെ 2023 ൽ ജില്ലാ നിയമസേവന അതോറിട്ടി പരാതി സ്വീകരിച്ചിരുന്നു. സെൻസർ തകരാർ പരിഹരിച്ചില്ലെങ്കിൽ കുഞ്ഞിന് ലഭിക്കേണ്ട പരിരക്ഷ നിഷേധിക്കപ്പെടുമെന്നും പരാതിയിൽ പറയുന്നുണ്ട്.