വക്കത്തെ പൊതുചന്തകൾ ഇനി സ്മാർട്ടാകും

Monday 13 October 2025 1:47 AM IST

വക്കം: വക്കം-മങ്കുഴി, നിലയ്ക്കാമുക്ക് മത്സ്യമാർക്കറ്റുകളുടെ നവീകരണ നിർമ്മാണോദ്ഘാടനം നടന്നു. പണികൾ ഉടൻ ആരംഭിക്കും. മത്സ്യമാർക്കറ്റുകളുടെ ശോച്യാവസ്ഥയെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി.

രണ്ട് വിപണന സ്റ്റാളുകളിലും സ്റ്റെയിൻലൻസ് സ്റ്റീൽ ഡിസ്‌പ്ളേ ട്രോളികൾ, സിങ്കുകൾ, ഡ്രയിനേജ് സംവിധാനം, മാൻഹോളുകൾ എന്നിവയും സജ്ജമാക്കും. മാലിന്യ സംസ്കരണത്തിനായി എഫ് ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനവും ഒരുക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയുന്ന വിധത്തിലാണ് മത്സ്യമാർക്കറ്റുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് മാർക്കറ്റുകൾ നിർമ്മിക്കുന്നത്.

വക്കം-മങ്കുഴി മത്സ്യമാർക്കറ്റ്

391.31ച.മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഒരുനില കെട്ടിടത്തിൽ 18മത്സ്യവിൽപ്പന സ്റ്റാളുകളും, എട്ട് കടമുറികളും,രണ്ട് കോൾഡ് സ്റ്റോറേജ് മുറികൾ,മൂന്ന് ബുച്ചർ സ്റ്റാളുകൾ,പ്രിപ്പറേഷൻമുറി,ഫ്രീസർ മുറി, സ്റ്റോർ,ശുചിമുറികൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി 95 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നിലയ്ക്കാമുക്ക് മത്സ്യമാർക്കറ്റ്

439ച.മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഒരുനില കെട്ടിടത്തിൽ 15മത്സ്യവില്പന സ്റ്റാളുകൾ, 5കടമുറികൾ, 3ബുച്ചർ സ്റ്റാളുകൾ, ഫ്രീസർ മുറി,പ്രിപ്പറേഷൻ മുറി,ദിവസ കച്ചവടക്കാർക്കായുള്ള സ്ഥലം,ടോയ്ലെറ്റ് സംവിധാനം എന്നിവ ഏർപ്പെടുത്തും.ഒരുകോടി 55ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മാലിന്യങ്ങൾ ചന്തയ്ക്കുള്ളിൽ

വക്കം മങ്കുഴി മാർക്കറ്റിൽ ചന്തയ്ക്കുള്ളിൽ കയറാതെ മത്സ്യത്തൊഴിലാളികൾ റോഡിനിരുവശങ്ങളിലും ഇരുന്നാണ് കച്ചവടം നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ നിലച്ചതും, വെള്ളക്കെട്ട് രൂപപ്പെട്ടതുമാണ് ചന്തയ്ക്കുള്ളിൽ കച്ചവടം നടത്താത്തതിന്റെ കാരണം. കാലവർഷം ആരംഭിക്കുന്നതോടെ പ്രവേശന കവാടത്തിൽ വെള്ളക്കെട്ട് രൂപപ്പെടും. ചന്തയിലെ മലിനജലം ഒലിച്ചു പോകാതെ കെട്ടിക്കിടക്കും. സമീപത്തെ കടകളിലെ മാലിന്യങ്ങളെല്ലാം ചന്തയ്ക്കുള്ളിലാണ് കൊണ്ടിടുന്നത്. ഇത് ഭക്ഷിക്കാനായെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

ഖരമാലിന്യസംസ്കരണ

പ്ലാന്റ് പ്രവർത്തിച്ചില്ല

2017ൽ പഞ്ചായത്ത് ചന്തയോട് ചേർന്ന് നിർമ്മിച്ച മൂന്ന് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടവും പ്രവർത്തനം തുടങ്ങാതെ നശിച്ചു തുടങ്ങി. പലസ്ഥലങ്ങളിലായി കാടുപിടിച്ച് കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം നിലയ്ക്കാമുക്ക് മാർക്കറ്റ് പ്രവർത്തനം അവതാളത്തിലായിരുന്നു. മാർക്കറ്റിലെ മലിനജലം ടോയ്‌ലെറ്റിനു സമീപം കെട്ടിക്കിടന്ന് പുഴുവരിച്ചു. മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ ചെലവിട്ട് ഉദ്ഘാടനം നടത്തിയ ഖരമാലിന്യസംസ്കരണ പ്ലാന്റും പ്രവർത്തിക്കാതെ പൂട്ടി.

പുല്ലും പാഴ്ച്ചെടികളും വളർന്ന് ഇഴജന്തുക്കളുടെ താവളമാണ് മാർക്കറ്റിനകം.

വക്കം ഗ്രാമപഞ്ചായത്തിലെ പ്രധാന വരുമാന സ്രോതസ്സുകളാണ് ഇരുചന്തകളും. പണി എത്രയും വേഗം പൂർത്തീകരിച്ച് മത്സ്യ കച്ചവടക്കാരുൾപ്പെടെയുള്ളവർക്ക് വെയിലും മഴയുമേൽക്കാതെ കച്ചവടം നടത്തുവാനുള്ള സൗകര്യം ഏർപ്പെടുത്തണം.

അരുൺ.വി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.