തണ്ണിമത്തൻ കൃഷിക്കൊരുങ്ങാം

Monday 13 October 2025 1:43 AM IST

ആറ്റിങ്ങൽ: കേരളത്തിൽ തണ്ണിമത്തൻ കൃഷിക്ക് നവംബർ മുതൽ ഫെബ്രുവരി വരെയാണ് അനുയോജ്യമായ സമയം. വെള്ളവും സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ.

നടീൽ രീതി

വൃത്തിയാക്കിയ ഭൂമിയിൽ മൂന്ന് മീറ്റർ അകലത്തായി രണ്ട് മീറ്റർ ഇടവിട്ട് കുഴിയെടുത്ത് വിത്ത് പാകാം. ജൈവരീതിയിൽ കോഴിവളം,എല്ലുപൊടി,ചാരം എന്നിവ ചേർക്കാം. തൈകൾ മുളച്ചു വരുമ്പോൾ ആരോഗ്യമുള്ള മൂന്ന് തൈകൾ മാത്രം നിറുത്തി ബാക്കിയുള്ളവ ഒഴിവാക്കാം

വളപ്രയോഗം

വള്ളി വീശുമ്പോഴും പൂക്കൾ നിറയെ വരാൻ തുടങ്ങുമ്പോഴും 25ഗ്രാം വീതം യൂറിയമേൽ വെള്ളമായി കൊടുക്കുന്നത് നല്ല വിളവിന് കാരണമാകും. ജൈവരീതിയിൽ പിണ്ണാക്ക് സ്ലറി,നേർപ്പിച്ച ഗോമൂത്രം,ഫിഷ് അമിനോ ആസിഡ് എന്നിവ ഏതെങ്കിലും ആഴ്ചയിൽ ഒരിക്കൽ കൊടുക്കാം.

ജലസേചനം

ആദ്യകാലങ്ങളിൽ 2 ദിവസത്തിലൊരിക്കൽ നനച്ചുകൊടുക്കണം. പൂക്കുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ നനയ്ക്കണം. കടയിൽ നിന്നും അല്പം നീക്കിവേണം വെള്ളമൊഴിക്കാൻ. വള്ളികളിൽ വെള്ളം വീഴുന്നത് രോഗബാധയ്ക്ക് വഴിവെയ്ക്കും. തണ്ണിമത്തൻ പടരുമ്പോൾ തെങ്ങോല തറയിൽ ഇട്ടുകൊടുക്കുന്നത് പടരാൻ നല്ലതാണ്. കായ പിടിച്ചു തുടങ്ങുമ്പോൾ മുരടിച്ചതും രോഗം ബാധിച്ചതുമായ കായ്കൾ നീക്കം ചെയ്ത് ഒരു വള്ളിയിൽ മൂന്നോ നാലോ കായ്കൾ നിലനിറുത്തുക. ഇത് കായ്കളുടെ വലിപ്പവും ഗുണവും വർദ്ധിക്കാൻ സഹായിക്കും.

വിളവെടുപ്പ്

75മുതൽ 85ദിവസം കൊണ്ട് തണ്ണിമത്തൻ വിളവെടുക്കാം. പാകമായ തണ്ണിമത്തൻ തട്ടി നോക്കിയാൽ പൊള്ളയായ ശബ്ദം കേൾക്കാം. മണ്ണിൽ തൊട്ടു കിടക്കുന്ന കായ്ഭാഗങ്ങൾ മഞ്ഞച്ചു തുടങ്ങുന്നതിൽ നിന്നും പാകമായതായി മനസ്സിലാക്കാം.