വത്തിക്കാനിൽ പ്രാർത്ഥനക്കിടെ അൾത്താരയിലെത്തിയ യുവാവ് ചെയ്തത്,​ ഞെട്ടൽ മാറാതെ വിശ്വാസികൾ

Sunday 12 October 2025 8:59 PM IST

വത്തിക്കാൻ സിറ്റി: വിശ്വാസികളെയും വിനോദസഞ്ചാരികളെയും ഞെട്ടിച്ചുകൊണ്ട് അൾത്താരയിൽ പരസ്യമായി മൂത്രമൊഴിച്ച് യുവാവ്. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാന നടക്കവെയാണ് സംഭവം. യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.

യുവാവ് അൾത്താരയുടെ പടികൾ കയറിയാണ് പുണ്യസ്ഥലത്ത് മൂത്രമൊഴിച്ചത്. ഉടൻ തന്നെ വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ബസിലിക്കയിൽ മഫ്തിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉടൻ തന്നെ യുവാവിനെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് പോപ്പ് ഫ്രാൻസിസിനെ അറിയിച്ചതായും വിവരം അറിഞ്ഞ് അദ്ദേഹം ഞെട്ടിയെന്നും ഇറ്റാലിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വത്തിക്കാൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.

ഇത് ആദ്യമായല്ല സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഒരു യുവാവ് അൾത്താരയിൽ കയറി അവിടെയുണ്ടായിരുന്ന ആറ് മെഴുകുതിരിക്കാലുകൾ വലിച്ചെറിഞ്ഞ് ആരാധനാലയത്തെ അശുദ്ധമാക്കിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഒരാളാണ് സംഭവത്തിന് പിന്നിലെന്നാണ് അന്ന് വത്തിക്കാനിലെ വക്താവായിരുന്ന മാറ്റിയോ ബ്രൂണി പ്രതികരിച്ചത്. 2023 ജൂണിലും ബസിലിക്ക അടയ്ക്കാൻ ഒരുങ്ങവെ ഒരു പോളിഷ് പൗരൻ നഗ്നനായി അൾത്താരയിൽ കയറി നിന്ന് യുക്രെയ്‌നിലെ കുട്ടികളെ രക്ഷിക്കൂ എന്ന് പറ‌ഞ്ഞ് പ്രതിഷേധിച്ചിരുന്നു.