അനൂപിന്റെ സ്വപ്നം അകലെയല്ല, വീടിന്റെ ആധാരം കൈമാറി മോട്ടോർ വാഹന വകുപ്പ്
മാവേലിക്കര: ഭിന്നശേഷി യുവാവായ അനൂപിന് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനഫലമായി കട്ടച്ചിറ ജോൺ എഫ്. കന്നഡി സ്കൂളിലെ മാനേജ്മെന്റ്, അദ്ധ്യാപക, രക്ഷകർതൃ കൂട്ടായ്മ അനൂപിന് വീടൊരുക്കാൻ നാല് സെന്റ് സ്ഥലം മാവേലിക്കരയുടെ ഹൃദയഭാഗത്ത് വാങ്ങുകയും ഇതിന്റെ ആധാരം എം.എസ് അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, വാങ്ങിയ ഭൂമിയിൽ അനൂപിനെ എത്തിക്കുകയും ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദിന്റെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ എം.എസ് അരുൺകുമാർ എം.എൽ.എ അനൂപിന് ആധാരം കൈമാറുകയും ചെയ്തു.
സ്വപ്നമായ വീടൊരുക്കാൻ കിട്ടിയ സ്ഥലത്തിന്റെ ആധാരം നിറകണ്ണുകളോടാണ് അനൂപ് സ്വീകരിച്ചത്. ഇനി ഈ ഭൂമിയിൽ അനൂപിനായി ഒരു കൊച്ചുവീട് ഒരുങ്ങും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദേശ വ്യവസായി പമ്പ വാസൻ നായർ നേതൃത്വം നൽകുന്ന പാലക്കാട് സി.എൻ.എൻ ട്രസ്റ്റ് ആണ് അനൂപിനായി വീട് നിർമ്മിച്ചു നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഒരിക്കലും നടക്കില്ലെന്ന് കരുതി തന്റെ ചിലകാല സ്വപ്നം സാഫല്യമാക്കിയ ഗതാഗത മന്ത്രി ഗണേഷ് കുമാർ തന്നെ വീടിനെ തറക്കല്ലിടണം എന്നാണ് അനൂപിന്റെ ആഗ്രഹം.