അംഗീകാരം ലഭിച്ച് വർഷമായിട്ടും വെളിച്ചം കാണാതെ മാസ്റ്റർപ്ളാൻ

Monday 13 October 2025 12:34 AM IST

ആലപ്പുഴ: നഗരസഭയും ടൗൺപ്ളാനിംഗ് വിഭാഗവും സമർപ്പിച്ച മാസ്റ്റർ പ്ളാൻ സർക്കാർ അംഗീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും വിഭാവനം ചെയ്ത വികസന പദ്ധതികളൊന്നും വെളിച്ചം കണ്ടില്ല. ഭൂപ്രകൃതി, ടൂറിസം, കൃഷി, പൈതൃകം തുടങ്ങി വിവിധ ഘടകങ്ങളെ ആധാരമാക്കി നഗരത്തെ 15 സോണുകളായി തിരിച്ച് തയ്യാറാക്കിയ വികസന കർമ്മ പദ്ധതികളാണ് ഫയലിലുറങ്ങുന്നത്.

നഗരസഭയും ജില്ലാപഞ്ചായത്തും ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമാണ് മാസ്റ്റ‌ർപ്ളാനിലെ വികസന പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിലൊന്നും മാസ്റ്റർ പ്ളാനിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.

തദ്ദേശ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ നിലവിലെ ഭരണ സമിതികൾക്ക് മാസ്റ്റർ പ്ളാനിലെ പദ്ധതികളൊന്നും നടപ്പാക്കാനാകില്ലെന്നിരിക്കെ പുതിയ ഭരണ സമിതികളെങ്കിലും മാസ്റ്റർ പ്ളാൻ പരിഗണിക്കുമോയെന്നാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്.

കനാലുകൾ വലയം ചെയ്തതും സമുദ്രനിരപ്പിനേക്കാൾ താഴ്ന്നതുമായ കുട്ടനാടും കായൽ നിലങ്ങളുമുൾപ്പെട്ട ആലപ്പുഴയുടെ വെള്ളപ്പൊക്ക സാദ്ധ്യത കൂടി കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനും അപകട ലഘൂകരണത്തിനുമാവശ്യമായ പ്രതിരോധ നടപടികൾകൂടി ഉൾപ്പെടുത്തിയായിരുന്നു മാസ്റ്റർ പ്ളാൻ.

നഗരത്തിന്റെ പൈതൃകം നഷ്ടമാകാതെ ടൂറിസവും കൃഷിയും വ്യവസായമുൾപ്പെടെയുളള തൊഴിലും സാമ്പത്തിക വികസനവും ലക്ഷ്യമിടുന്ന മാസ്റ്റർ പ്ളാൻ നടപ്പാക്കേണ്ട ചുമതല നഗരസഭയ്ക്കും ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കുമാണ്.വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിച്ചാലേ മാസ്റ്റർ പ്ളാൻ യാഥാർത്ഥ്യമാകൂ.

സോണുകൾ: 15

നടപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ

1.വെള്ളപ്പൊക്കത്തിന്റെയും മഴക്കെടുതികളുടെയും തീവ്രതയനുസരിച്ച് ലോ ഫ്ലഡ് സോൺ, നോർമൽ ഫ്ളഡ് സോൺ, ഹൈ ഫ്ളഡ് സോൺ, വെരി ഹൈ ഫ്ളഡ് സോൺ എന്നിങ്ങനെ നഗരത്തെ നാലുമേഖലകളായി തിരിച്ചാണ് മാസ്റ്റർ പ്ളാൻ

2.നഗരത്തെ വലയം ചെയ്യുന്ന വാടക്കനാൽ,കൊമേഴ്സ്യൽ കനാലുമുൾപ്പെടെ നാല് പ്രധാന കനാൽക്കരകളിൽ ഇരുവശങ്ങളിലും 20 മീറ്റർ മാറി മാത്രമേ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കൂ. ഉയര നിയന്ത്രണം 12 മീറ്ററാക്കുകയും ചെയ്തിട്ടുണ്ട്

3.നഗരത്തിൽ ഏറ്റവുമധികം ടൂറിസ്റ്റുകൾ വന്നുപോകുന്ന പുന്നമടയും ആലപ്പുഴ ബീച്ചുമുൾപ്പെടുന്ന ഭാഗം ഹെറിറ്റേജ് മേഖലകൾ കൂടി ഉൾപ്പെടുത്തി ടൂറിസ്റ്റ് സോണാക്കി മാറ്റാനായിരുന്നു മാസ്റ്റർ പ്ളാനിലെ നിർദേശം

4.കിഴക്കൻ മേഖലയിലെ പാടങ്ങളിലെയും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പുന്നമട ഭാഗത്ത് കൃഷി ചെയ്യാതിരിക്കുന്ന കായൽപ്പാടം ആഴം കൂട്ടി മഴവെള്ള സംഭരണിയാക്കാനും പുന്നമടയെ അർബൻ പാർക്കാക്കി രൂപാന്തരപ്പെടുത്താനാണ് മാസ്റ്റർ പ്ളാൻ

5.ഉപയോഗശൂന്യമായ കൃഷിയിടങ്ങളുപയോഗപ്പെടുത്തി 11.6 ഹെക്ടർ വലിപ്പത്തിൽ വെറ്റ് ലൈന്റ് വൈവിദ്ധ്യ പാർക്ക് ആസൂത്രണം ചെയ്തിട്ടുളള ഇവിടെ 4.1 ഏക്കറോളം സ്ഥലം അർബൻ പാർക്കാക്കും. പരിസ്ഥിതി സൗഹൃദപരമായി ഇവിടെ സജ്ജമാക്കും.

മാസ്റ്റർപ്ളാൻ സർക്കാർ അംഗീകരിച്ചിട്ട് ഒരുവർഷമായി. വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് നഗരസഭയും വിവിധ സർക്കാർ വകുപ്പുകളുമാണ്

-ടൗൺ പ്ളാനിംഗ് ഓഫീസ്, ആലപ്പുഴ