ബീഹാർ തിരഞ്ഞെടുപ്പ് : ബി ജെ പിയ്ക്കും ജെ ഡി യുവിനും 101 സീറ്റുകൾ വീതം, എൻ ഡി എ സീറ്റ് വിഭജനം പൂർത്തിയായി
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ജെ.ഡി.യുവും 101 വീതം സീറ്റുകളിൽ മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 29 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ച ആറ് സീറ്റിലും മത്സരിക്കും. എൻ.ഡി.എ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. അതേസമയം സീറ്റ വിഭജനത്തിൽ സഖ്യത്തിൽ അസംതൃപ്തി ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. 40 സീറ്റുകൾ ആവശ്യപ്പെട്ടിടത്താണ് ചിരാഗ് പാസ്വാന് 25 എണ്ണം നൽകിയത്. 15 സീറ്റ് ആവശ്യപ്പെട്ടിടത്താണ് ജിതൻ റാം മാഞ്ചിയ്ക്ക് 6 സീറ്റ് നൽകിയത്. എന്നാൽ അവസാന ശ്വാസം വരെ നരേന്ദ്രമോദിക്കൊപ്പം തുടരുമെന്ന് മാഞ്ചി അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രതിപക്ഷ സഖ്യമായ മഹാമുന്നണിയിൽ സീറ്റ് വിഭജനം എങ്ങും എത്തിയില്ല. ആർ.ജെ.ഡി നാളെ ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തും. ഇതിനായി ആർ.ജെ.ഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രിദേവി, മകൻ തേജസ്വി യാദവ് എന്നിവർ ഡൽഹിയിലെത്തി. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ജയ്റാം രമേശ് പറഞ്ഞു. കോൺഗ്രസ് 70 സീറ്റുകൾ ചോദിച്ചെന്നും ആർ.ജെ.ഡി 50 സീറ്റുകൾ വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.