ജീവിതശെെലി രോഗം: നാടൻഭക്ഷണം വിദേശ ജേണലിൽ!
ചേർപ്പ്: പ്രമേഹരോഗികൾക്കും ജീവിതശൈലി രോഗികൾക്കും പരമ്പരാഗത പോഷകാഹാരങ്ങളുടെ മാതൃക ഭക്ഷണക്കൂട്ട് അമേരിക്കൻ ഫുഡ് ആൻഡ് ന്യൂട്രിഷൻ ജേണലിൽ. ഇക്കഴിഞ്ഞ ജനുവരി ലക്കത്തിലാണ് ഈ പുതിയ ലോകഭക്ഷ്യ ഫോർമുല പ്രസിദ്ധീകരിച്ചത്. ഗവേഷകനായ ഡോ. ഡി.എം.വാസുദേവനും ചേർപ്പ് സ്വദേശി ഡോ. പി.എസ്.വാസുദേവനുമാണ് ഭക്ഷണക്കൂട്ടുകൾ വികസിപ്പിച്ചത്. കുത്തരിയും ആട്ടയും പയറുമാണ് പ്രധാന ഊർജ വിഭവങ്ങൾ. എള്ളെണ്ണ, തവിടെണ്ണ, വെളിച്ചെണ്ണ എന്നിവ പ്രത്യേക അനുപാതങ്ങളിൽ ഉൾപ്പെടുത്തും. നിശ്ചിത തോതിൽ ഉലുവയും ചണപ്പയറും ചേർത്ത് ഒമേഗ കൊഴുപ്പ് അമ്ലങ്ങളുടെ അനുപാതം 4 :1 ആക്കി ക്രമീകരിച്ചു. കുമ്പളങ്ങ, മുരിങ്ങയില, പേരയ്ക്ക, നെല്ലിക്ക, ഇഞ്ചി എന്നിവയാണ് മറ്റ് പച്ചക്കറി ഇനങ്ങൾ. അന്നജത്തിൽ നിന്നുള്ള ഊർജം 50 ശതമാനമാക്കി ചുരുക്കിയാണ് പ്രമേഹ ചികിത്സയ്ക്കുള്ള ആഹാരക്കൂട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പതിറ്റാണ്ടുകളുടെ ഗവേഷണഫലം
തൊണ്ണൂറുകളുടെ തുടക്കം മുതൽ നടത്തുന്ന ഗവേഷണ പഠനങ്ങളിലൂടെ മുന്നോട്ടുവച്ച ഗണിത മാതൃകയുടെ അടിസ്ഥാനത്തിലാണ് ഈ ആഹാരക്കൂട്ട് വികസിപ്പിച്ചത്. വിഭവങ്ങളുടെ അളവും പരമ്പരാഗത രീതിയിലായതിനാൽ ആർക്കും എളുപ്പത്തിൽ സമീകൃതാഹാരം പാകം ചെയ്‌തെടുക്കാം. ജീവിതശൈലീ രോഗങ്ങളെ ആഹാരശൈലിയിലൂടെ വരുതിയിൽ നിറുത്താൻ ഇന്ത്യൻ ജനതയെ ഗണ്യമായി സഹായിക്കും. ഹൃദ്രോഗ കാരണമാണ് വെളിച്ചെണ്ണയെന്ന പ്രചാരണത്തിന് അറുതി വരുത്തിയ ഗവേഷകനാണ് ഡോ. ഡി.എം.വാസുദേവൻ. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഗവേഷണവിഭാഗം തലവനാണ്. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം അസി. പ്രൊഫസറും ആരോഗ്യസർവകലാശാലയിലെ ജനിതക ശാസ്ത്രാദ്ധ്യാപകനുമാണ് ഡോ.പി.എസ്.വാസുദേവൻ.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാറിന്റെ സഹായത്തോടെ പ്രമേഹരോഗികൾക്ക് ഹൃദയത്തിന് ക്ഷീണമേൽക്കുമ്പോൾ കഴിക്കാനുള്ള ക്ലിനിക്കൽ ഡയറ്റും ഇവർ വികസിപ്പിച്ചിട്ടുണ്ട്.