സംവരണ വാർഡുകൾ ഇന്ന് മുതൽ അറിയാം... സ്ഥാനാർത്ഥികൾ ആരെല്ലാം..?​ ചർച്ചകൾ സജീവമാകും

Monday 13 October 2025 12:44 AM IST

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കുന്നതോട വാർഡ് തലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകളും സജീവമാകും. ഇന്ന് നാലു ബ്ലോക്ക് പഞ്ചായത്തുകൾക്ക് കിഴീലുള്ള വാർഡ് സംവരണമാണ് നിശ്ചയിക്കുക. നിലവിൽ സംവരണ വാർഡുകളായ പലതും ഇത്തവണയും അത് തന്നെയാകാനുള്ള സാദ്ധ്യതയേറെയാണ്. സ്ഥാനാർത്ഥികളാകാൻ മോഹിച്ചവർ പലരും നിരാശപ്പെടേണ്ടി വരും. നിലവിൽ സംവരണ വാർഡുകളിൽ നിന്ന് ജനപ്രതിനിധികളായ ഭൂരിഭാഗം പേർക്കും മികച്ച പ്രവർത്തനം കാഴ്ച്ചവച്ചാൽ പോലും ജനറൽ വാർഡായാൽ ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതിയാണ്. സംവരണം തീരുമാനിച്ചാൽ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് വേഗതയേറും.

ചുമരെഴുത്തുകൾ തുടങ്ങി

സംവരണ വാർഡുകൾ തീരുമാനിക്കും മുമ്പ് തന്നെ നാടെങ്ങും ചുമരെഴുത്തുകളും ബുക്കിംഗുകളും ആരംഭിച്ചു. സർക്കാർ സ്ഥാപനങ്ങളുടെ ചുമരുകളിലും വൈദ്യുതി പോസ്റ്റുകളിലും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണം അനുവദിക്കില്ല. അതുകൊണ്ട് തന്നെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്ഥലങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യമിടുന്നത്. റോഡുകളെല്ലാം തന്നെ രാഷ്ട്രീയപാർട്ടി ബുക്ക് ചെയ്തുകഴിഞ്ഞു. എൽ.ഡി.എഫ് തങ്ങൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസുകൾ സംഘടിപ്പിച്ചുവരികയാണ്. ബി.ജെ.പി നേതാക്കൾ ഗൃഹസമ്പർക്കങ്ങളിൽ സജീവമാണ്. യു.ഡി.എഫ് പ്രദേശിക വിഷയങ്ങൾ ഉയർത്തി ശക്തമായ സമരവുമായി മുന്നോട്ടുപോകുകയാണ്.

ഇന്നത്തെ നറുക്കെടുപ്പ്

ഇന്ന് നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ നറുക്കെടുപ്പ് രാവിലെ 10 മുതൽ കളക്ടറേറ്റിൽ നടക്കും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലേത് രാവിലെ 10 മുതൽ 11.30 വരെയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 11.30 മുതൽ ഒന്നുവരെയും നടക്കും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ 1.30 മുതൽ മൂന്നുവരെയും മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പ് മൂന്നുമുതൽ നാലു വരെയും നടക്കും.