വിവാദങ്ങൾക്ക് വിരാമം: വിദഗ്ദ്ധസമിതിയായി, നാടുകാണിയിൽ വരും സൂ സഫാരി പാർക്ക്

Monday 13 October 2025 12:08 AM IST

തളിപ്പറമ്പ്: രാഷ്ട്രീയ തർക്കങ്ങളുടെയും പ്രതിഷേധങ്ങളുടെയും നടുവിലായിരുന്ന നാടുകാണി സൂ സഫാരി പാർക്ക് ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. ആരംഭത്തിൽ രൂക്ഷമായി എതിർത്ത സി.പി.ഐയും പോഷക സംഘടനയായ എ.ഐ.ടി.യു.സിയും പദ്ധതിയെ പിന്തുണയ്ക്കുകയാണ്.

ഏറ്റവും ഓടുവിൽ മൃ​ഗ​ ​സം​ര​ക്ഷ​ണ​ ​മ​ന്ത്രി​ ​ജെ.​ ​ചി​ഞ്ചു​ ​റാ​ണി​യും​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​എം.​എ​ൽ.​എ​യും​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​യോ​ഗ​ത്തി​ൽ പാ​ർ​ക്ക് ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി​ ​റി​ട്ട​യ​ർ​ഡ് ​ഐ.​എ​ഫ്.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ജെ​യിം​സ് ​വ​ർ​ഗീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ഞ്ചം​ഗ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സഫാരി പാർക്കുകൾ സന്ദർശിച്ച് അനുഭവമുള്ള സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിദ്ധ്യം പദ്ധതിക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കും. പദ്ധതിയുമായി പൂർണമായും സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയറക്ടർ അബു എബ്രഹാം എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ.

എം.വി. ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിലും മുൻകൈയിലുമാണ് പദ്ധതി രൂപപ്പെട്ടത്.തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയോടുചേർന്ന് 252.8 ഏക്കർ വിസ്തീർണത്തിലാണ് സഫാരി പാർക്ക് വരുന്നത്. 1000 കോടി രൂപയിലധികം വിഹിതമുള്ള പദ്ധതി കണ്ണൂരിലെ സർക്കാരിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്. പ്ലാന്റേഷൻ കോർപ്പറേഷന്റെ മുന്നൂറോളം ഏക്കർ ഭൂമി മൃഗശാല വകുപ്പിന് കൈമാറി കഴിഞ്ഞു. വിശദമായ ഡി.പി.ആർ തയ്യാറാക്കാൻ രണ്ട് കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. ജനുവരി അവസാനത്തോടെ ഡി.പി.ആർ സമർപ്പിക്കുമെന്നും സർക്കാർ അംഗീകാരത്തിന് ശേഷം ടെണ്ടർ പ്രക്രിയ ആരംഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

പറശ്ശിനിക്കടവ് പിൽഗ്രിം ടൂറിസം, കരിമ്പം ഫാം ടൂറിസം, വെള്ളിക്കീൽ ഇക്കോ പാർക്ക്, തെയ്യം മ്യൂസിയം, ഹാപ്പിനസ് പാർക്ക് എന്നിവയ്‌ക്കൊപ്പം സഫാരി പാർക്കും യാഥാർത്ഥ്യമാകുന്നതോടെ അത്യുത്തര കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടം പുനർനിർവചിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാ‌ർക്ക് സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന സൂ സഫാരി പാർക്കാണിത്. മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയ്ക്ക് ഇത് പുതിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി മാറും. കവചിത വാഹനങ്ങളിൽ സഞ്ചാരികൾക്ക് മൃഗങ്ങളെ അടുത്തറിയാൻ സാധിക്കും. പ്രകൃതിയെ യഥാവിധം നിലനിർത്തിക്കൊണ്ടുള്ള സ്വാഭാവിക വനവത്കരണമായിരിക്കും രൂപകൽപ്പന. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയിൽ സ്വൈരമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിലായിരിക്കും സജ്ജീകരണം. ​പാ​ർ​ക്കി​ലേ​ക്കു​ള്ള​ ​മൃ​ഗ​ങ്ങ​ളെ​യും​ ​അ​പൂ​ർ​വ​ ​ജീ​വി​ക​ളെ​യും​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശ്ശൂ​ർ​ ​മൃ​ഗ​ശാ​ല​ക​ളി​ൽ​നി​ന്ന് ​കൊ​ണ്ടു​വ​രാ​ൻ​ ​പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.​ ​മൃ​ഗ​ങ്ങ​ളെ​യും​ ​പ​ക്ഷി​ക​ളെ​യും​ ​കൈ​മാ​റ്റ​ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​രാ​ജ്യ​ത്തെ​ ​ഇ​ത​ര​ ​മൃ​ഗ​ശാ​ല​ക​ളി​ൽ​നി​ന്ന് ​എ​ത്തി​ക്കും.

സഫാരിക്കൊപ്പം മ്യൂസിയം, ബയോളജിക്കൽ പ്ലാന്റേഷൻ, ബൊട്ടാണിക്കൽ ഗാർഡൻ, വന്യജീവി വിദ്യാഭ്യാസ കേന്ദ്രം, മഴവെള്ള സംഭരണി, പ്രകൃതി ചരിത്ര മ്യൂസിയം തുടങ്ങിയവയും ഉണ്ടാകും. മൃഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസിലാക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.