ഡിജിറ്റൽ അറസ്റ്റ്: 50 ലക്ഷം തിരികെ പിടിച്ച് സൈബർ പോലീസ്

Monday 13 October 2025 12:07 AM IST

കാസർകോട്: കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് എന്ന സൈബർ തട്ടിപ്പിൽ പെടുത്തി 2 കോടി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 50 ലക്ഷം രൂപ കാസർകോട് സൈബർ പൊലീസ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ ബിഹാറിലെ സമ്പത്ചക്ക് ബ്രാഞ്ചിൽ നിന്നും തിരികെ പിടിച്ചു. എട്ട് ആഴ്ച കൊണ്ടാണ് പണം തിരികെ പിടിച്ചത്.

2025 ആഗസ്റ്റ് 12 മുതൽ 21 വരെയുള്ള തിയ്യതികളിൽ പല തവണയായാണ് പണം തട്ടിയത്. മണി ലോണ്ടറിംഗ് കേസിൽ ഉൾപ്പെട്ടു എന്ന് വിശ്വസിപ്പിച്ചി ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് അക്കൗണ്ടിലെ പണം തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയപ്പിക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ 1930 എന്ന സൈബർ ക്രൈം പോർട്ടലിൽ വിളിച്ച് പരാതി അറിയിക്കുകയും കാസർകോട് സൈബർ പൊലീസിന്റെ സഹായം തേടുകയും ചെയ്തു. അവസരോചിതമായ ഇടപെടലിലൂടെ ഇതുവരെ 57 ലക്ഷം രൂപ ഫ്രീസ് ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ 50 ലക്ഷം രൂപ കോടതി മുഖേന ഡി.ഡി ആയി കാസർകോട് കോടതിയിൽ എത്തി.

അവസാനമായി തട്ടിപ്പുകാർക്ക് പണം നൽകി ഏതാനം മണിക്കൂറുകൾക്കുള്ളിൽ (ഗോൾഡൻ ഹവർ) പരാതി രജിസ്റ്റർ ചെയ്തതിനാലാണ് പണം തിരികെ പിടിക്കാൻ സാധിച്ചത്. ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി വിപിന്റെ മേൽനോട്ടത്തിൽ എസ്.ഐ രവീന്ദ്രൻ, കെ.ബി ഷിനു, എ.എസ്.ഐ പ്രശാന്ത്, രഞ്ജിത്ത് കുമാർ, എസ്.സി.പി.ഒ സുധേഷ്‌ എന്നിവരങ്ങിയ അന്വേഷണ സംഘമാണ് പണം തിരികെ പിടിച്ചത്.