സെമിനാറുമായി ഗ്രാമപഞ്ചായത്ത് ശലഭ ഗ്രാമമാകാൻ കേളകം
കേളകം: ഇന്ത്യയിലെ ആദ്യ ശലഭഗ്രാമമാകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. വികസനസദസ്സിന്റെ മുന്നോടിയായാണ് സെമിനാർ നടത്തിയത്.
കേളകം ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേർന്ന് തയ്യാറാക്കിയ 'ഓക്കില- കേളകത്തെ പൂമ്പാറ്റകൾ' എന്ന പഠനപുസ്തകം തയ്യാറായതോടെയാണ് കേളകം ശലഭഗ്രാമമായി മാറ്റാൻ പഞ്ചായത്ത് തീരുമാനിച്ചത്.
കേളകത്ത് നടന്ന സെമിനാർ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ശലഭഗ്രാമം ലക്ഷ്യവും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ സംസ്ഥാന ഫാക്കൽട്ടി വി.സി. ബാലകൃഷ്ണനും കാർഷികമേഖലയും ശലഭങ്ങളും എന്ന വിഷയത്തിൽ ഗിരീഷ് മോഹനും ക്ലാസുകൾ നൽകി. "ഓക്കില" പഠനഗ്രന്ഥം തയ്യാറാക്കിയ നിഷാദ് മണത്തണ, വിമൽകുമാർ, നീലിഷ വിമൽ എന്നിവരെ സെമിനാറിൽ ആദരിച്ചു.
ഏഴ് ഏക്കർ ഭൂമിയിൽ ശലഭോദ്യാനം നിർമിക്കാനുള്ള സമ്മതപത്രം ഭൂ ഉടമകളായ സ്കറിയ കണിയാഞ്ഞാലിൽ, സെബാസ്റ്റ്യൻ മൈലാടുംപാറ, തോമസ് ഐലുക്കുന്നേൽ എന്നിവർ പഞ്ചായത്തിന് കൈമാറി. ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ, പഞ്ചായത്ത് അംഗങ്ങളായ സജീവൻ പാലുമ്മി, സുനിത വാത്യാട്ട്, സെന്റ് തോമസ് സ്കൂൾ പ്രധാനാദ്ധ്യാപകൻ എം.വി മാത്യു, തുടങ്ങിയവർ സംസാരിച്ചു.