പൊൻമുടിയിൽ കാട്ടാനശല്യം
സഞ്ചാരികൾക്ക് ഭീഷണി
വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പൊൻമുടി കല്ലാർ റൂട്ടിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിഭീതി പരത്തുന്നത്. മഴയായതോടെയാണ് കാട്ടാനകൾ പൊൻമുടിയിൽ എത്തിതുടങ്ങിയത്. കല്ലാർ മുതൽ ഇരുപതാം വളവുവരെ കാട്ടാനയുടെ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക് പത്താംവളവിന് സമീപം ഒരുമണിക്കൂറോളം കാട്ടാനകളുടെ വിളയാട്ടമായിരുന്നു. ഈ സമയത്ത് മേഖലയിൽ ധാരാളം സഞ്ചാരികളുമുണ്ടായിരുന്നു. ആരേയും ആക്രമിച്ചിട്ടില്ല. ടൂറിസ്റ്റുകൾ ആനകളുടെ വീഡിയോ പകർത്തുകയും ചെയ്തു. പിന്നീട് സഞ്ചാരികൾ തന്നെ കാട്ടാനകളെ തുരത്തി കാട്ടിനുള്ളിലേക്ക് വിടുകയായിരുന്നു. പൊൻമുടി കല്ലാർ റൂട്ടിൽ റോഡരികിൽ നിൽക്കുന്ന ഒലട്ടി മരങ്ങൾ പിഴുതിട്ട് ഇല തിന്നുന്നത് പതിവാണ്. വൈദ്യുതിതൂണുകൾ മറിച്ചിട്ട സംഭവവുമുണ്ടായി. കല്ലാർ മൊട്ടമുട്, മംഗലകരിക്കകം, ആറാനക്കുഴി മണലി മേഖലകളിലും കാട്ടാനശല്യമുണ്ട്.
കാടിറങ്ങുമ്പോൾ
രാത്രികാലങ്ങളിൽ പൊൻമുടി കല്ലാർ റൂട്ടിൽ കാട്ടാനകളുടെ താണ്ഡവമാണ്. വനത്തിൽനിന്നും കാട്ടാനക്കൂട്ടം റോഡിലേക്കിറങ്ങുന്നത് പതിവാണ്. രാത്രിയിൽ പൊൻമുടി റോഡിലാണ് അന്തിയുറക്കം. പുലർച്ചെ ബസുകൾ എത്തി ഹോൺ മുഴക്കുമ്പോഴാണ് വനത്തിനുള്ളിലേക്ക് പോകുന്നത്.
സഞ്ചാരികൾ ജാഗ്രത
പൊൻമുടിയിൽ നിലവിൽ സഞ്ചാരികളുടെ തിരക്കേറിവരികയാണ്. മഞ്ഞും മഴയുമുണ്ട്. അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. കാട്ടാനശല്യമുള്ളതിനാൽ ടൂറിസ്റ്റുകൾ വനത്തിനുള്ളിലേക്ക് കയറരുതെന്നും വനപാലകരുടേയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പുണ്ട്.