കാരോട്,കുളത്തൂർ പഞ്ചായത്തുകളിൽ കുടിവെള്ളം കിട്ടാനില്ല
പാറശാല: കാരോട്,കുളത്തൂർ ഗ്രാമ പഞ്ചായത്ത് നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങിയിട്ട് നാളേറെയായി.നെയ്യാർ ഇറിഗേഷൻ പദ്ധതി പ്രകാരം ഇടതുകര കനാലിലെ വെള്ളം കിട്ടാത്തതാണ് കടുത്ത ജലക്ഷാമത്തിന് കാരണം. കനാലിലൂടെയെത്തുന്ന വെള്ളം ഈ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന സബ് കനാലുകളിലേക്ക് തുറന്ന് വിടാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കനാലുകൾ വൃത്തിയാക്കാത്തതും ഷട്ടറുകൾ സംരക്ഷിക്കാത്തതും കുടിവെള്ളം കിട്ടാത്തതിന്റെ മറ്റൊരു കാരണമാണ്. ഇറിഗേഷൻ അധികൃതർ കർഷകരുടെയും നാട്ടുകാരുടെയും ബുദ്ധിമുട്ടുകൾക്ക് വേണ്ടത്ര വില കൊടുക്കുന്നുമില്ല. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൃഷി നാശത്തിന്റെ വക്കിൽ
കനാലിൽ നിന്നും വെള്ളം ലഭിക്കാത്തത് കാരണം പ്രദേശത്തെ കിണറുകളും വറ്റിവരണ്ട നിലയിലാണ്. പാടങ്ങൾ വിണ്ടുകീറിയതോടെ നെൽകൃഷി,വാഴ,പച്ചക്കറി,വെറ്റില കൊടികൾ എന്നീ കൃഷികളെല്ലാം അവതാളത്തിലാണ്. വാഴകൾ ഒടിഞ്ഞ് വീണ് നശിച്ചു. നെല്ലും പച്ചക്കറികളും വെള്ളം കിട്ടാതെ കരിഞ്ഞു പോയി. കൃഷി നശിച്ചതോടെ കർഷകർ കൃഷി ഉപേക്ഷിച്ച് വേറെ വരുമാന മാർഗ്ഗങ്ങൾ തേടുകയാണ്.
ജലക്ഷാമം രൂക്ഷം
കാരോട് പഞ്ചായത്തിലെ കുഴിഞ്ഞാൻവിള,പിൻകുളം,അമ്പനാവിള,ശൂരത്താൻകുളം,പഴയ ഉച്ചകട,കൊല്ലകുളം,കണിയൻകുളം,പാട്ടവിള, കുളത്തൂർ ഉച്ചകട,നെല്ലിക്കോണം,വിരാലി,പഴവഞ്ചാല,പുതുശ്ശേരി,പുല്ലുവറ്റി,കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളമില്ലാത്തത്.
അധികൃതരുടെ അനാസ്ഥ
കനാലിൽ നിന്നും വെള്ളം തിരിച്ചുവിടാൻ ഉപയോഗിക്കുന്ന ഷട്ടറുകൾ മിക്കതും ഇപ്പോൾ പ്രവർത്തനരഹിതമാണ്. പലതും നശിച്ചു. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.
പ്രതികരണം
കാരോട്,കുളത്തൂർ ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണം.
ജി.എൻ.ശ്രീകുമാരൻ.
സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സെക്രട്ടറി