അമേരിക്കയിലെ ബാറിൽ വെടിവയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്
സൗത്ത് കരോളിന: അമേരിക്കയിലെ സൗത്ത് കരോളിനയിൽ ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് വെടിവയ്പ്പ് നടന്നത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിവയ്പ്പ് നടക്കുമ്പോൾ നൂറിലധികം പേരാണ് ബാറിനുള്ളിൽ ഉണ്ടായിരുന്നത്. വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ചിതറിയോടുകയും സമീപത്തെ കടകളിലും ബാറിന്റെ പുറത്തേക്കും ഓടിക്കയറുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ നിരവധി പേർ വെടികൊണ്ട് പരിക്കേറ്റ നിലയിൽ കിടക്കുകയായിരുന്നു. വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ബാറിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. 2022 നവംബറിലും സമാനമായ രീതിയിൽ ഇവിടെ വെടിവയ്പ്പ് നടന്നിരുന്നു.