ബീഹാർ: എൻ.ഡി.എ സീറ്റ് വിഭജനം, ജെ.ഡി.യുവും ബി.ജെ.പിയും 101 വീതം സീറ്റുകളിൽ
ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എയുടെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. 243 അംഗ നിയമസഭയിൽ ജെ.ഡി.യുവും ബി.ജെ.പിയും 101 വീതം സീറ്റുകളിൽ മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിക്ക് 29 സീറ്റുകളും കേന്ദ്ര മന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ചയ്‌ക്കും(എച്ച്.എ.എം) ഉപേന്ദ്ര ഖുശ്‌വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ചയ്‌ക്കും(ആർ.എൽ.എം) ആറുവീതവും നൽകും. ആദ്യ ഘട്ടം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നു.
40 സീറ്റുകൾ ആവശ്യപ്പെട്ട പാസ്വാന് 25 എണ്ണം നൽകാനായിരുന്നു തീരുമാനം. ജെ.ഡി.യുവിന്റെ മൂന്ന് സീറ്റുകളിൽ അവർ സമ്മർദ്ദം ശക്തമാക്കി. 15 സീറ്റ് ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാമി മോർച്ച നേതാവും കേന്ദ്ര മന്ത്രിയുമായ ജിതൻ റാം മാഞ്ചി നിരാശനായാണ് ഡൽഹിയിൽ നിന്ന് മടങ്ങിയത്. അവസാന ശ്വാസം വരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുടരുമെന്ന് മാഞ്ചി വ്യക്തമാക്കി. ആറ് സീറ്റ് ലഭിച്ച ഖുശ്‌വാഹയും തൃപ്‌തനല്ല.
ലാലു ഡൽഹിയിൽ
മഹാമുന്നണിയിൽ തർക്കം തുടരവേ സീറ്റ് വിഭജന ചർച്ചയ്‌ക്കായി ആർ.ജെ.ഡി നേതാക്കൾ ഡൽഹിയിലെത്തി. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകൻ തേജസ്വി യാദവ് എന്നിവർ ഇന്ന് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തും. മുന്നണിയിൽ പുതിയ ചില പങ്കാളികളെ ഉൾപ്പെടുത്താൻ വേണ്ടിയാണ് സീറ്റ് ചർച്ചകൾ നീളുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ, സീറ്റുകളുടെ കാര്യത്തിൽ അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് 50-100 സീറ്റുകൾക്കായി ശ്രമിക്കുന്നുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു. കോൺഗ്രസ് 70 സീറ്റുകൾ ചോദിച്ചെന്നും ആർ.ജെ.ഡി 50 വാഗ്‌ദാനം ചെയ‌്‌തെന്നും വാർത്ത വന്നിരുന്നു.
മോദി 15ന് ബീഹാറിൽ
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിഹാറിലെ ആദ്യ പരിപാടി ഒക്‌ടോബർ 15ന് നടക്കും. ബൂത്ത് തലത്തിലെ പ്രവർത്തകരുമായി സംവദിക്കുന്ന പ്രധാനമന്ത്രി അവരിൽ നിന്ന് നിർദ്ദേശങ്ങൾ തേടും. 'മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്'(എന്റെ ബൂത്ത് ഏറ്റവും ശക്തം) എന്നു പേരിട്ട പരിപാടിയിൽ പങ്കെടുക്കാനും നിർദ്ദേശങ്ങൾ നൽകാനും പ്രധാനമന്ത്രി ബി.ജെ.പി പ്രവർത്തകരെ ക്ഷണിച്ചു.