ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു: ചിദംബരം

Monday 13 October 2025 12:28 AM IST

ന്യൂഡൽഹി: കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരത്തിന്റെ വിവാദ പ്രസ്താവന. 1984ൽ സുവർണ ക്ഷേത്രത്തിൽ സിഖ് വിഘടനവാദികളെ ഒഴിപ്പിക്കാൻ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായ നടപടിയായിരുന്നുവെന്നായിരുന്നു പരാമർശം. ആ തെറ്റിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് സ്വന്തം ജീവൻ വില നൽകേണ്ടിവന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഇന്ദിരയുടെ മാത്രം തീരുമാനമായിരുന്നില്ല. സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവർണ ക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാർഗമായിരുന്നു അത്. കുറച്ചുവർഷങ്ങൾക്ക് ശേഷം സൈന്യത്തെ പിൻവലിച്ച് തെറ്റ് തിരുത്തി. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദ സംഘടനകളുടെ പ്രവർത്തനം അവസാനിച്ചു. നിലവിൽ സാമ്പത്തിക വെല്ലുവിളികളും അനധികൃത കുടിയേറ്റവുമാണ് പഞ്ചാബ് നേരിടുന്ന വെല്ലുവിളികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ ചിദംബരത്തിന്റെ പരാമർശത്തിൽ കോൺസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസിനെതിരെ പറയാൻ എന്തോ സമ്മർദ്ദമുള്ളതുപോലെയാണ് ചിദംബരത്തിന്റെ സമീപകാല പരാമർശങ്ങളെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ വിഡ്ഢിത്തമായിരുന്നുവെന്ന് കോൺഗ്രസിന് മനസിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നുവെന്ന് ബി.ജെ.പി പരിഹസിച്ചു.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ.

ഖാലിസ്ഥാൻ വിഘടനവാദികൾ 1984 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ഖാലിസ്ഥാൻ പതാക ഉയർത്തി. ജൂൺ മൂന്നിന് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കേന്ദ്രം സൈനിക നടപടിയിലേക്ക് നീങ്ങി. ജൂൺ ഒന്നിന് ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആരംഭിച്ചു. സിഖ് മതത്തിന്റെ പുണ്യസ്ഥലങ്ങളിലൊന്നായ സുവർണക്ഷേത്രത്തിലേക്ക് കയറി സൈന്യം നടത്തിയ ഓപ്പറേഷനിൽ ഖാലിസ്ഥാൻ വിഘടനവാദ നേതാവ് ജർണെയിൽ സിംഗ് ഭിന്ദ്രൻവാലയും കൂട്ടാളികളും കൊല്ലപ്പെട്ടു. 83 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ജനങ്ങളടക്കം 500ലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇത് സിഖ് സമൂഹത്തിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മാസങ്ങൾക്കുശേഷം ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവച്ചുകൊന്നു. തുടർന്ന് സിഖുകാർക്കെതിരെ വ്യാപകമായ അക്രമം നടന്നു. കലാപത്തിൽ 3,000ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു.