മോദി സർക്കാർ വിവരാവകാശ നിയമത്തെ കൊന്നു: കോൺഗ്രസ്

Monday 13 October 2025 12:49 AM IST

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വിവരാവകാശ നിയമത്തെ കൊലചെയ്തുവെന്നും സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനെ പല്ല് കൊഴിഞ്ഞ സ്ഥാപനമാക്കിയെന്നും കോൺഗ്രസ്. ബി.ജെ.പിയെ സംബന്ധിച്ച് ആർ.ടി.ഐ എന്നാൽ ഭയപ്പെടുത്താനുള്ള അവകാശം (റൈറ്റ് ടു ഇന്റിമിഡേറ്റ്) ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ 2005 ഒക്ടോബർ 12ന് വിവരാവകാശ നിയമം നടപ്പാക്കിയതിന്റെ 20-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനം സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കാനാണ് വിവരാവകാശ നിയമം കൊണ്ടുവന്നത്. എന്നാൽ 2019ൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗതി സി.ഐ.സിയുടെ അധികാരം ഇല്ലാതാക്കി. കഴിഞ്ഞ രണ്ട് വർഷമായി സി.ഐ.സി പ്രവർത്തിക്കുന്നത് വെറും രണ്ട് അംഗങ്ങളുമായാണ്. ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും മറ്റു 7 അംഗങ്ങളുടെയും സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സി.ഐ.സി ആസ്ഥാനം പ്രേതഭവനം പോലെയായി- ജയറാം രമേഷ് പറഞ്ഞു. നരേന്ദ്ര മോദിയുടെ എം.എ ബിരുദം സംബന്ധിച്ച വിവരം നൽകാൻ സി.ഐ.സി ഉത്തരവിട്ടത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് മോദി സർക്കാർ വിവരാവകാശ നിയമത്തെ ദുർബലമാക്കാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ് നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ വിവരാവകശ നിയമത്തിന്റെ അന്ത്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർ.ടി.ഐ ഭേദഗതികളെ ചോദ്യംചെയ്ത് 2019 ഡിസംബറിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആറുവർഷത്തിനുശേഷവും അ്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജയറാം രമേഷ് പറഞ്ഞു.