സൂപ്പർമാർക്കറ്റിലെ ലഗേജ് കൗണ്ടറിൽ നിന്ന് 9 മൊബൈൽ ഫോണുകൾ കവ‌ർന്നു

Monday 13 October 2025 2:03 AM IST

കൊച്ചി: മാളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലെ ലഗേജ് ഡെപ്പോസിറ്റ് കൗണ്ടറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച മൊബൈൽ ഫോണുകളടങ്ങിയ ബാഗ് മോഷണം പോയി. കൗണ്ടറിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ കബളിപ്പിച്ചാണ് യുവാവ് ബാഗ് കവർന്നത്.

എറണാകുളം എം.ജി റോഡിലെ സെന്റർ സ്ക്വയർമാളിൽ പ്രവർത്തിക്കുന്ന റിലയൻസ് സ്മാർട്ട്ബസാറിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. തോപ്പുംപടി രാമേശ്വരം സ്വദേശിയുടെ 1.50 ലക്ഷം രൂപ വിലയുള്ള മൊബൈൽഫോണുകളും മൂന്ന് എയർപോഡുകളും അടങ്ങിയ ബാഗാണ് കവർ‌ന്നത്. രാത്രി 7.30ഓടെയാണ് ഇയാൾ കൗണ്ടറിൽ ബാഗ് ഏൽപ്പിച്ചത്.

അൽപ്പം കഴിഞ്ഞ് കൗണ്ടറിലെത്തിയ മറ്റൊരു യുവാവ് തന്റെ ടോക്കൺ കളഞ്ഞുപോയതായി കൗണ്ടറിലെ ജീവനക്കാരനെ വിശ്വസിപ്പിച്ച് തന്റെ ലഗേജാണെന്ന പറഞ്ഞ് ബാഗുമായി സ്ഥലം വിടുകയായിരുന്നു. രാത്രി എട്ടോടെ ബാഗ് തിരികെ വാങ്ങാൻ തോപ്പുംപടി സ്വദേശി എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ജീവനക്കാരൻ മനസിലാക്കുന്നത്.സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി അറിയിച്ചു.