ശൈശവവിവാഹത്തിന് നീക്കം: പ്രതിശ്രുത വരനടക്കം പത്ത് പേർക്കെതിരെ കേസ്
കോട്ടക്കൽ: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുത വരനടക്കം പത്ത് പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണ് സംഭവം.
ഇന്നലെ ഉച്ചയോടെയാണ് വിവാഹമുറപ്പിക്കുന്നതിന്റെ ഭാഗമായി 22കാരനായ പ്രതിശ്രുത വരനും കുടുംബവും 14 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മധുരം നൽകി. ഇരുകൂട്ടരും ബന്ധുക്കളാണ്.
പരിസരവാസികൾ വിവരം നൽകിയതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹത്തിനുള്ള ശ്രമവുമായി മുന്നോട്ടുപോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുടുംബം ചടങ്ങുകളുമായി മുന്നോട്ടു പോയതോടെ കാടാമ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് വീട്ടിലെത്തി നിയമനടപടികൾ സ്വീകരിച്ചു. പ്രതിശ്രുതവരന്റെയും പെൺകുട്ടിയുടെയും മാതാപിതാക്കൾ, ഒപ്പമുണ്ടായിരുന്നവർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. പെൺകുട്ടിയെ മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി.