വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി അറസ്റ്റിൽ
മാള: 77കാരിയെ ആക്രമിച്ച് ആറു പവൻ സ്വർണ്ണമാല കവർന്ന കേസിൽ പുത്തൻചിറ ചോമാട്ടിൽ വീട്ടിൽ ആദിത്തിനെ (20) മാള പൊലീസ് അറസ്റ്റ് ചെയ്തു. റൂറൽ എസ്.പി : ബി.കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 25ന് രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, വൃദ്ധയെ വായും മൂക്കും പൊത്തിപിടിച്ച് ആക്രമിച്ച് മാല പൊട്ടിച്ചെടുത്തോടുകയായിരുന്നു. ഓൺലൈൻ ട്രേഡിംഗിലുണ്ടായ കടം തീർക്കാനായിരുന്നു മോഷണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പിന്നീട് പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. സ്വർണ്ണമാല പ്രതി തിരൂരങ്ങാടി ജ്വല്ലറിയിൽ വിറ്റിരുന്നു. വൃദ്ധയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ് പ്രതി. അന്വേഷണസംഘത്തിൽ എസ്.ഐമാരായ കെ.ടി.ബെന്നി, എം.ടി.വിനോദ് കുമാർ, കെ.ആർ.സുധാകരൻ എന്നിവരും പങ്കെടുത്തു.