കടയുടമയെ കത്തി വീശി ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Monday 13 October 2025 1:10 AM IST

കൊടുങ്ങല്ലൂർ : കടയിൽ നിന്ന് സാധനങ്ങളെടുക്കാൻ ശ്രമിക്കുകയും, ചോദ്യം ചെയ്ത കടയുടമയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമക്കേസുകളിൽ പ്രതികളായ മൂന്ന് പേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം ആശാൻ പറമ്പ് പുളിക്കലകത്ത് വീട്ടിൽ അസറുദ്ധീൻ (24), എടവിലങ്ങ് പേരകത്ത് വീട്ടിൽ മിഹാസ് (24), എറിയാട് കൊല്ലത്തു വീട്ടിൽ ഫർസാൻ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോകമലേശ്വരം വയലാർ നാലുമാക്കൽ വീട്ടിൽ മുരളീധരൻ (49) എന്നയാളുടെ കടയിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രതികൾ പണം നൽകാതെ കത്തികൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത്. ചോദ്യം ചെയ്ത മുരളീധരനെ അസഭ്യം പറയുകയും മർദ്ദിക്കുകയും, കഴുത്തിന് നേർക്ക് കത്തി വീശി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

അസറുദ്ധീൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസിലും അടിപിടി കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസിലെ പ്രതിയാണ്. മിഹാസ് മതിലകം, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസ് ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെ പ്രതിയാണ്. ഫർസാൻ നാല് ക്രിമിനൽ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.അരുൺ, സബ് ഇൻസ്‌പെക്ടർ കെ.സാലിം, ജൂനിയർ എസ്.ഐ മനു ചെറിയാൻ, ജി.എസ്.ഐ ഷാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷമീർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ അമൽദേവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.