ജീൻസുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷത്തിന്റെ സ്വർണവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Monday 13 October 2025 1:12 AM IST

ശംഖുംമുഖം: വിദേശത്ത് നിന്നെത്തിച്ച 40 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടി. തമിഴ്നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രനെ അറസ്റ്റുചെയ്തു. ക്വാലാലംപൂരിൽ നിന്നെത്തിയ ഇയാൾ 360 ഗ്രാമോളം വരുന്ന സ്വർണം കനംകുറഞ്ഞ ചെയിൻ രൂപത്തിലാക്കി രണ്ട് ജോഡി ജീൻസുകൾക്കിടെ പ്രത്യേകം തുന്നിചേർത്താണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണം പിടികൂടിയാലും ഡ്യൂട്ടിയടച്ച് പുറത്തെത്തിക്കാമെന്ന രീതിയിൽ കൂടുതൽ യാത്രക്കാരെ ഉപയോഗിച്ച് കുറഞ്ഞ അളവിൽ സ്ഥിരമായി വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടക്കുന്നതായി ദിവസങ്ങൾക്ക് മുമ്പ് എയർകസ്റ്റംസ് റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന്റെ ഭാഗമായി കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന കർശനമാക്കാൻ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞയാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി 1.6 കോടിയുടെ സ്വർണം കടത്തിയ രണ്ടുപേരെ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിരുന്നു.

കോഫെപോസയിൽ നിന്ന്

രക്ഷപ്പെടാൻ പുതിയ തന്ത്രം

കള്ളക്കടത്ത് തടയൽ (കോഫെപോസ) നിയമപ്രകാരം കരുതൽ തടങ്കലിൽപ്പെടാതിരിക്കാൻ സ്വർണക്കടത്ത് സംഘങ്ങൾ പുതിയ അടവുകളാണിപ്പോൾ പയറ്റുന്നതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. ഒരു കോടിയുടെ മൂല്യം വരുന്ന സ്വർണം കടത്തിയാലേ കോഫെപോസ പ്രകാരം കേസെടുക്കാനാകൂ. അതിനുതാഴെ മൂല്യമുള്ള സ്വർണക്കടത്ത് പിടികൂടിയാലും ഇവർക്ക് ജാമ്യം ലഭിക്കുന്നതിനൊപ്പം പിന്നീട് കസ്റ്റംസ് നിശ്ചയിക്കുന്ന അമിത ഡ്യൂട്ടിയടച്ച് സ്വർണം പുറത്തിറക്കാനും കഴിയും. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണെങ്കിലും കേരളത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് ഇത്തരത്തിൽ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് വ്യാപകമാകുന്നത്.

ഫോട്ടോ: വിമാനത്താവളത്തിൽ ഇന്നലെ പിടികൂടിയ സ്വർണം