വനിതാ മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കിയിട്ടില്ല: അഫ്ഗാൻ മന്ത്രി

Monday 13 October 2025 1:20 AM IST

 വനിതകളെ ഉൾപ്പെടുത്തി വാർത്താ സമ്മേളനം

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ വനിതാ മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വാർത്താ സമ്മേളനം നടത്തി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. വെള്ളിയാഴ്ച വനിതാ മാദ്ധ്യമപ്രവർത്തകരെ വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് മുത്തഖി പറഞ്ഞു. തന്റെ സംഘത്തിന്റെ ലിസ്റ്റിലുള്ള ക്ഷണിതാക്കളെ മാത്രം ഉൾപ്പെടുത്തി ചുരുങ്ങിയ സമയംകൊണ്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു. സമയപരിമിതി കാരണമാണ് ആളുകളുടെ എണ്ണം ചുരുക്കിയത്. സ്ത്രീയായാലും പുരുഷനായാലും ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കിയത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളിൽ ഒരു കോടി വിദ്യാർത്ഥികളുണ്ട്. അതിൽ 28 ലക്ഷം പേർ പെൺകുട്ടികളാണെന്നും സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുത്തഖി മറുപടി നൽകി. മതസ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരമുണ്ടെന്നും ചില മേഖലകളിലെ നിയന്ത്രണം വിദ്യാഭ്യാസത്തോടുള്ള എതിർപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതിന്റെ പേരിൽ താലിബാൻ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് മറുപടി.

ആഗ്ര സന്ദർശനം

റദ്ദാക്കി

മുത്തഖിയുടെ ആഗ്ര സന്ദർശനം അവസാന നിമിഷം റദ്ദാക്കി. ഇന്നലെ ഒരു മണിക്കൂറോളം താജ്മഹലിൽ ചെലവഴിക്കാനും ശേഷം ഡൽഹിയിലേക്ക് മടങ്ങാനുമാണ് നിശ്ചയിച്ചിരുന്നത്. ഡൽഹിയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണ് യാത്ര റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കാരണം മുത്തഖി വ്യക്തമാക്കിയില്ല. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിതെന്നാണ് സൂചന. ആറ് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് മുത്തഖി ഇന്ത്യയിലെത്തിയത്.