കരൂരിൽ വിജയ് 17ന് എത്തും; പര്യടന പുനരാരംഭം ദീപാവലി കഴിഞ്ഞ്
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും ടി.വി.കെ പ്രസിഡന്റും സൂപ്പർതാരവുമായ വിജയ് 17ന് സന്ദർശിച്ചേക്കും. ദീപാവലിക്കു ശേഷം സംസ്ഥാന പര്യടനം പുനരാരംഭിക്കാനും ആലോചന. 17ന് ജനക്കൂട്ടത്തെ ഒഴിവാക്കി ഇരകളെ മാത്രമാകും വിജയ് കാണുക. ഓരോ വീടുകൾ സന്ദർശിക്കുന്നതിനു പകരം ഒരു പൊതുവേദിയിലേക്ക് എല്ലാവരേയും എത്തിക്കാനാണ് ടി.വി.കെയുടെ തീരുമാനം. പൊലീസിനും ഇത് സ്വീകാര്യമായെന്നാണ് അറിയുന്നത്. വേദി എവിടെയെന്ന കാര്യത്തിൽ തീരുമാനമായില്ല.
സുഗമവും സുരക്ഷിതവുമായ സന്ദർശനം ഉറപ്പാക്കാൻ ടി.വി.കെ പൊലീസിന്റെ പിന്തുണ തേടി. ചെന്നൈയിൽ നിന്നും തിരുച്ചിറപ്പള്ളിയിൽ വിമാനത്തിൽ എത്തുന്ന വിജയ് അവിടെ നിന്നും റോഡ് മാർഗം കരൂരിൽ എത്തും. റോഡ് വക്കിലെ ജനത്തിരക്ക് ഒഴിവാക്കാൻ വിജയ് എത്തുന്ന സമയം മുൻകൂട്ടി അറിയിക്കില്ല. പൊലീസ് പെട്രോളിംഗ് ശക്തമാക്കുന്നതോടൊപ്പം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. വേദിയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പൊലീസ് സുരക്ഷ വേണമെന്നാണ് ടി.വി.കെയുടെ ആവശ്യം. വേദിയിലേക്ക് കടക്കുന്നവരെ പൊലീസ് പരിശോധിക്കണം. യോഗത്തിൽ മാദ്ധ്യമങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. കരൂർ സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജയ് തമിഴ്നാട് പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.