ഡയാൻ കീറ്റൺ അന്തരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കൻ നടി ഡയാൻ കീറ്റൺ (79) അന്തരിച്ചു. ശനിയാഴ്ച ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. അഞ്ച് ദശാബ്ദത്തിലേറെ നീണ്ട അഭിനയ ജീവിതത്തിനിടെ ഓസ്കാർ, ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഡയാൻ സ്വന്തമാക്കി. ലവേഴ്സ് ആൻഡ് അഥർ സ്ട്രേഞ്ചേഴ്സ് (1970) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
ദ ഗോഡ്ഫാദറിലെ (1972) കേയ് ആഡംസ് എന്ന കഥാപാത്രം വഴിത്തിരിവായി. ചിത്രത്തിന്റെ തുടർന്നുള്ള രണ്ട് ഭാഗങ്ങളിലും ഡയാൻ അഭിനയിച്ചു. ആനി ഹാളിലൂടെ (1977) മികച്ച നടിക്കുള്ള ഓസ്കാർ കരസ്ഥമാക്കി. മറ്റ് മൂന്ന് തവണ ഓസ്കാർ നോമിനേഷനും നേടി. പ്ലേ ഇറ്റ് എഗെയ്ൻ സാം (1972), സ്ലീപ്പർ (1973), ലവ് ആൻഡ് ഡെത്ത് (1975), റെഡ്സ് (1981), ഷൂട്ട് ദ മൂൺ (1982), മാർവിൻസ് റൂം (1996), ദ ഫാമിലി സ്റ്റോൺ (2005), ഫൈൻഡിംഗ് ഡോറി (2016) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഫാഷൻ ഐക്കണായി അറിയപ്പെട്ടിരുന്ന ഡയാൻ, നാല് പുസ്തകങ്ങളും എഴുതി. അവിവാഹിതയാണ്. ഡെക്സ്റ്റർ, ഡ്യൂക്ക് എന്നിവർ വളർത്തുമക്കളാണ്.