ഗാസ സമാധാന ഉച്ചകോടിക്കൊരുങ്ങി ഈജിപ്റ്റ്: ഇസ്രയേലി ബന്ദികളെ ഇന്ന് മോചിപ്പിക്കും
ട്രംപ് ഇസ്രയേലിലേക്ക്
ടെൽ അവീവ്: ഗാസ സമാധാന ഉച്ചകോടി ഇന്ന് തുടങ്ങാനിരിക്കേ ജീവനോടെയുള്ള ഇസ്രയേലി ബന്ദികളെ രാവിലെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഹമാസ്. യു.എസിന്റെ സമാധാന പദ്ധതി പ്രകാരം ഇന്ത്യൻ സമയം, ഇന്ന് ഉച്ചയ്ക്ക് 2.30നുള്ളിൽ ബന്ദികളെ ഹമാസ് വിട്ടുനൽകണം. 1950 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. 28 ബന്ദികളുടെ മൃതദേഹങ്ങൾ ഘട്ടം ഘട്ടമായി കൈമാറും. ചിലരുടെ ശരീര ഭാഗങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ലഭിക്കുന്ന മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അവരുടെ കുടുംബങ്ങൾക്ക് കൈമാറും. തുടർന്ന് ഗാസയിലെ ഹമാസിന്റെ ഭൂഗർഭ ടണലുകൾ നശിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
വെള്ളിയാഴ്ച ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കിയ ഇസ്രയേൽ, നിശ്ചിത ഇടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു. അതേ സമയം, ഗാസയിലേക്ക് മാനുഷിക സഹായവുമായി ട്രക്കുകൾ പ്രവേശിച്ചു തുടങ്ങി. വടക്കൻ ഗാസയിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ ബുൾഡോസറുകളെത്തിച്ച് നീക്കിത്തുടങ്ങി.
പൊട്ടാതെ കിടക്കുന്ന ബോംബുകൾ ഭീഷണി സൃഷ്ടിക്കുമെന്ന് രക്ഷാപ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ഗാസയിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 67,806 ആയി.
ഇന്ന് രാവിലെ ഇസ്രയേലിലെത്തുന്ന ട്രംപ്, പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്ന് ഗാസ വിഷയത്തിലെ അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്റ്റിലേക്ക് തിരിക്കും. ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും കഴിഞ്ഞ ദിവസം ടെൽ അവീവിൽ നടന്ന റാലിയിൽ പങ്കെടുത്തിരുന്നു.
# ലോക നേതാക്കൾ ഈജിപ്റ്റിലേക്ക്
ഗാസ സമാധാന ഉച്ചകോടി ഈജിപ്റ്റിലെ ഷാം അൽ ഷെയ്ഖിൽ
ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയും അദ്ധ്യക്ഷത വഹിക്കും
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ പദ്ധതിക്ക് അന്തിമ രൂപം നൽകുന്നതും മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതും ലക്ഷ്യം
ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയിൽ വെടിനിറുത്തൽ, ബന്ദി മോചനം, ഭാഗിക സൈനിക പിന്മാറ്റം എന്നിവ അടങ്ങുന്ന ഒന്നാം ഘട്ടമാണ് നിലവിൽ ഇസ്രയേലും ഹമാസും അംഗീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ തുടർ നടപടികൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും
സമാധാന പദ്ധതിയിൽ യു.എസും മദ്ധ്യസ്ഥ രാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവയ്ക്കും
ഇസ്രയേലും ഹമാസും പങ്കെടുക്കില്ല
യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ തുടങ്ങി 20ലേറെ ലോക നേതാക്കളും പങ്കെടുക്കും
ഇതിനിടെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഖത്തറിന്റെ മൂന്ന് നയതന്ത്രജ്ഞർ ഷാം അൽ ഷെയ്ഖിന് സമീപമുണ്ടായ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു
# മോദി പങ്കെടുക്കില്ല
ക്ഷണമുണ്ടെങ്കിലും ഇന്നത്തെ ഗാസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ ഇന്ത്യയെ പ്രതിനിധീകരിക്കും. ശനിയാഴ്ചയാണ് മോദിക്ക് ട്രംപിന്റെയും അൽ സിസിയുടെയും ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കാതെ കരുതലോടെയാണ് ഇന്ത്യ ഉച്ചകോടിയെ സമീപിക്കുന്നത്.