പ്രതിസന്ധിയിൽ കനേഡിയൻ പാർക്ക്: ബെലൂഗകളെ കൊല്ലുമെന്ന് ഭീഷണി
ഒട്ടാവ: ചൈനയിലേക്ക് അയയ്ക്കാനുള്ള അപേക്ഷ സർക്കാർ നിരസിച്ചതോടെ 30 ബെലൂഗ തിമിംഗിലങ്ങളെ ദയാവധത്തിന് വിധേയമാക്കുമെന്ന ഭീഷണിയുമായി കനേഡിയൻ അമ്യൂസ്‌മെന്റ് പാർക്ക്. ഒന്റേറിയോയിലെ മറൈൻലാൻഡ് പാർക്കിലാണ് പ്രതിസന്ധി.
സാമ്പത്തിക പിരിമുറുക്കവും പരിസ്ഥിതി സംഘടനകളുടെ വർഷങ്ങളായുള്ള വിമർശനങ്ങളും പരിഗണിച്ചാണ് ബെലൂഗകളെ ചൈനയിലെ ഷീഹൈയിലെ തീം പാർക്കിലേക്ക് അയയ്ക്കാൻ മറൈൻലാൻഡ് അധികൃതർ തീരുമാനിച്ചത്. എന്നാൽ ബെലൂഗകളെ ചൈനയിലും പ്രദർശന വസ്തുക്കളാക്കി മാറ്റിയേക്കുമെന്ന് ആശങ്ക ചൂണ്ടിക്കാട്ടി കനേഡിയൻ സർക്കാർ അതിനുള്ള അനുമതി നിഷേധിച്ചു.
എങ്കിൽ ബെലൂഗകളെ പരിചരിക്കാനുള്ള ഫണ്ട് നൽകണമെന്നായി പാർക്ക്. എന്നാൽ ഫിഷറീസ് വകുപ്പ് അതും നിഷേധിച്ചു. ഇതോടെയാണ് ബെലൂഗകളെ തങ്ങൾക്ക് ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് പാർക്ക് വ്യക്തമാക്കിയത്. ബെലൂഗകൾക്ക് വേണ്ട ഭക്ഷണം നൽകാൻ പോലും കഴിയാത്ത തരത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് പാർക്ക്. പാർക്ക് പൂർണതോതിൽ പ്രവർത്തിക്കുന്നതുമില്ല.
2019 മുതൽ 20 ഓളം തിമിംഗലങ്ങൾ ഈ പാർക്കിൽ ചത്തിരുന്നു. ബെലൂഗകളെ സർക്കാർ ഏറ്റെടുക്കണമെന്ന് കാട്ടി പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. മനുഷ്യരുമായി വളരെ വേഗം ഇണങ്ങിച്ചേരുന്നവയാണ് ആർട്ടിക് സമുദ്ര മേഖലയിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗിലങ്ങൾ. നല്ല ബുദ്ധിശക്തിയാണിവയ്ക്ക്. അതുകൊണ്ട് തന്നെ, ഇവയെ നായ്ക്കളെ പരിശീലിക്കുന്ന പോലെ കൃത്യമായി കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും.