'ഗാസയിലെ യുദ്ധം കഴിഞ്ഞു, ജൂതരും മുസ്ളീങ്ങളും അറബികളുമെല്ലാം സന്തോഷത്തിൽ', പ്രഖ്യാപിച്ച് ട്രംപ്

Monday 13 October 2025 8:20 AM IST

വാഷിംഗ്‌ടൺ: ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്നും എല്ലാവരും സന്തോഷത്തിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ‌ട്രംപ്. സമാധാന ഉച്ചകോടിയ്‌ക്കായി ഈജിപ്‌തിലേക്ക് പുറപ്പെടും മുൻപാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള പ്രതികരണം. 'യുദ്ധം അവസാനിച്ചു. നിങ്ങൾക്കത് മനസിലായി. വളരെ സവിശേഷതയാർന്നൊരു സമയമായിരിക്കും ഇത്. എല്ലാവരും ഒരേസമയം സന്തോഷിക്കുന്നു. മുൻപൊരിക്കലും ഇങ്ങനെയുണ്ടായിട്ടില്ല. ഈ സമാധാന ഉടമ്പടിയിൽ പങ്കെടുക്കാനായത് വലിയ ബഹുമതിയാണ്.' ട്രംപ് പറഞ്ഞു.

'ജൂതരായാലും മുസ്ളീങ്ങളായാലും അറബികളായാലും എല്ലാവരും സന്തുഷ്‌ടരാണ്. എല്ലാവരെയും ഒന്നായാണ് അവർ കാണുന്നത്. ഇസ്രയേലിലിറങ്ങിയ ശേഷം ഞങ്ങൾ ഈജിപ്റ്റിലേക്ക് പോകും. വലിയ, ശക്തരായ,സമ്പന്നരായ രാജ്യ നേതാക്കളെ കാണാൻ പോകുന്നു. അവരെല്ലാം ഈ കരാറിൽ പങ്കാളികളാണ്.' -ട്രംപ് വ്യക്തമാക്കി. ഇസ്രയേലായാലും ഹമാസ് ആയാലും യുദ്ധം ചെയ്‌ത് തളർന്നെന്നാണ് ട്രംപിന്റെ വാദം.

ജീവനോടെയുള്ള ഇസ്രയേലി ബന്ദികളെ ഇ‌ന്ന്‌ രാവിലെതന്നെ മോചിപ്പിക്കുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത് .യു.എസിന്റെ സമാധാന പദ്ധതി പ്രകാരം ഇന്ത്യൻ സമയം, ഇന്ന് ഉച്ചയ്ക്ക് 2.30നുള്ളിൽ ബന്ദികളെ ഹമാസ് വിട്ടുനൽകണം. 1950 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. 28 ബന്ദികളുടെ മൃതദേഹങ്ങൾ ഘട്ടംഘട്ടമായി കൈമാറും. ചിലരുടെ ശരീര ഭാഗങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ലഭിക്കുന്ന മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അവരുടെ കുടുംബങ്ങൾക്ക് കൈമാറും. തുടർന്ന് ഗാസയിലെ ഹമാസിന്റെ ഭൂഗർഭ ടണലുകൾ നശിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.

വെള്ളിയാഴ്ച ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കിയ ഇസ്രയേൽ, നിശ്ചിത ഇടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു. അതേ സമയം, ഗാസയിലേക്ക് മാനുഷിക സഹായവുമായി ട്രക്കുകൾ പ്രവേശിച്ചു തുടങ്ങി. വടക്കൻ ഗാസയിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ ബുൾഡോസറുകളെത്തിച്ച് നീക്കിത്തുടങ്ങി.