പ്രണയം തെളിയിക്കാനായി വിഷം കഴിക്കാൻ ആവശ്യപ്പെട്ട് കാമുകിയുടെ ബന്ധുക്കൾ; 20കാരന് ദാരുണാന്ത്യം

Monday 13 October 2025 9:58 AM IST

റായ്‌‌പൂർ: പ്രണയം തെളിയിക്കാനായി വിഷം കഴിച്ച ഇരുപതുകാരന് ദാരുണാന്ത്യം. ചത്തീസ്‌ഗഡിലെ കോർബ ജില്ലയിലാണ് സംഭവം നടന്നത്. പ്രണയം തെളിയിക്കുന്നതിന് വിഷം കഴിക്കാൻ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ നിർബന്ധിക്കുകയായിരുന്നു. കൃഷ്‌ണകുമാർ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്.

സോനാരി സ്വദേശിയായ പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ കൃഷ്‌ണകുമാറിനോട് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം സെപ്‌തംബർ 25ന് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടിയോടുള്ള പ്രണയം യഥാർത്ഥമാണെങ്കിൽ വിഷം കഴിച്ച് തെളിയിക്കാൻ ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് വിഷം കഴിച്ച യുവാവ് വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.