ട്രംപിന് നൊബേൽ കിട്ടാത്തത് താൻ വിലക്കിയതിനാൽ; പ്രാർത്ഥനയുടെ ശക്തിയെന്ന് സുവിശേഷകൻ കെ എ പോൾ
തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാത്തത് തന്റെ ഇടപെടൽ മൂലമാണെന്ന് സുവിശേഷകൻ ഡോ.കെ.എ. പോൾ. യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ 2025 ഓഗസ്റ്റ് 24നോ 25നോ നടപ്പാക്കുമെന്ന് സുപ്രീംകോടതിയിൽ അറിയിച്ചതിലൂടെ വാർത്തകളിൽ ഇടംനേടിയ ആളാണ് കെ.എ. പോൾ. ഇതുസംബന്ധിച്ച വാർത്തകൾ നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഇക്കാര്യമറിയിച്ചത്.
'ട്രംപിന് പുരസ്‌കാരം നൽകാതിരിക്കാൻ നൊബേൽ കമ്മിറ്റിക്ക് താൻ കത്തെഴുതിയിരുന്നുവെന്നും ഇത് പ്രകാരമാണ് ട്രംപിനെ അന്തിമ പട്ടികയിൽ നിന്ന് തള്ളിയതെന്നുമാണ് പോളിന്റെ അവകാശവാദം. ട്രംപ് അനുകൂലികൾ കുത്തിയിരുന്ന് പ്രാർത്ഥിച്ചിട്ടും ലഭിക്കാതെ വന്നത് തന്റെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണ്. ട്രംപ് ഒരു സ്വയംപൊങ്ങിയാണ്. നൊബേലിനുള്ള നോമിനേഷനുവേണ്ടി ലോക നേതാക്കളെ സമ്മർദ്ദത്തിലാക്കി, റഷ്യ-യുക്രെയിൻ യുദ്ധത്തിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി, ഇറാനിലുൾപ്പെടെ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടു, ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ടു, സമാധാനത്തിനെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു എന്നിങ്ങനെ ഏഴ് കാര്യങ്ങളാണ് ട്രംപിന് നൊബേൽ നൽകരുതെന്ന് പറയാൻ ഞാൻ ചൂണ്ടിക്കാട്ടിയത്.
2000ത്തിന്റെ തുടക്കത്തിൽ സമാധാനത്തിനുള്ള നൊബേൽ തരാമെന്ന് സമിതിയുടെ വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ ഞാനത് സന്തോഷപൂർവം നിരസിച്ചു. ഭാരത് രത്ന നൽകാമെന്നും ശുപാർശയുണ്ടായിരുന്നു. അതും ഞാൻ നിരസിച്ചു'-എന്നാണ് പോൾ പറയുന്നത്.
വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കാണ് 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. നിരവധി രാജ്യങ്ങൾ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന ഒരു സമയത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മരിയയുടെ ശ്രമങ്ങൾക്കാണ് അംഗീകാരം. പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു. ആഗോള സമാധാനത്തോടുള്ള യഥാർത്ഥ പ്രതിബദ്ധതയെക്കാൾ രാഷ്ട്രീയ പക്ഷപാതമാണ് നൊബേൽ കമ്മിറ്റിയുടേതെന്നാണ് വൈറ്റ് ഹൗസ് ആരോപിച്ചത്.