കരൂർ ദുരന്തം; കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് സുപ്രീം കോടതി

Monday 13 October 2025 11:10 AM IST

ന്യൂഡൽഹി: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്‌തോഗി അദ്ധ്യക്ഷനായ സമിതിയെയാണ് മേൽനോട്ടത്തിനായി നിർദ്ദേശിച്ചിരിക്കുന്നത്. രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും സമിതിയിലുണ്ട്.

സിബിഐ എല്ലാ മാസവും അന്വേഷണ വിവരങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ടിവികെയുടെ ഹർജിയിലാണ് ഉത്തരവ്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ടിവികെ ഹർജിയിൽ ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ചിന്റെ നടപടിയെ നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ ചോദ്യംചെയ്‌തിരുന്നു. ഇക്കഴിഞ്ഞ സെപ്‌തംബർ 27നാണ് കരൂരിലെ ടിവികെ റാലിയിൽ ദുരന്തമുണ്ടായത്. ഒക്ടോബർ 17 ന് ദുരന്തബാധിതരായ കുടുംബങ്ങളെ വിജയ് കാണുമെന്ന വിവരമുണ്ട്.