ജപ്പാനിൽ അതിവേഗ പനി വ്യാപനം, ചികിത്സ തേടിയത് 4000ൽ അധികം പേർ; ഇന്ത്യയടക്കം പുതിയ പകർച്ചവ്യാധി ഭീതിയിൽ

Monday 13 October 2025 12:09 PM IST

ടോക്കിയോ: രാജ്യത്തുടനീളം പനി പടർന്നുപിടിക്കുന്നതായി പ്രഖ്യാപിച്ച് ജപ്പാൻ. പനി ബാധിച്ച് ഇതിനോടകം 4000ൽ അധികം പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. ഡസൻ കണക്കിന് സ്‌കൂളുകൾ അടച്ചുപൂട്ടി. സാധാരണയായുള്ള പനിക്കാലത്തിനും അ‌ഞ്ച് ആഴ്‌ച മുന്നേയാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പുതിയൊരു പകർച്ചവ്യാധിയല്ലെന്നും, മറിച്ച് ഇൻഫ്ളുവൻസ വൈറസ് മൂലമുണ്ടാകുന്ന സീസണൽ പനി മാത്രമാണെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ തണുപ്പുള്ള കാലാവസ്ഥയിലേയ്ക്ക് കടക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ജപ്പാനിലെ പനി വ്യാപനം ആശങ്ക നൽകുന്നു.

ജപ്പാൻ തലസ്ഥാനമായ ‌ടോക്കിയോ, ഒഖിനാവ, കാഗോഷിമ തുടങ്ങിയ നഗരങ്ങളാണ് പനിവ്യാപനം കൂടുതലായുള്ളത്. പനി ബാധയ്ക്ക് കാരണമാകുന്ന വൈറസിനുണ്ടായ ശക്തമായ ജനിതകമാറ്റം, കൊവിഡിനുശേഷം പ്രതിരോധശേഷിയിലുണ്ടായ കുറവ്, കാലാവസ്ഥാ വ്യതിയാനം, വാർഷിക പനി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് പുതിയ രോഗവ്യാപനത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. വളരെവേഗം രോഗം പകരുന്നതിനാൽ പുതിയ പകർച്ചവ്യാധിക്കുള്ള സാദ്ധ്യതയും ആരോഗ്യവിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. അതിനാൽതന്നെ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നാണ് നിർദേശം.

സുരക്ഷാ മുൻകരുതലുകൾ

  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.
  • തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂക്കും വായയും മൂടുക.
  • പനിയോ മറ്റ് പകർച്ചവ്യാധികളോ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
  • മാസ്ക് ധരിക്കുക.
  • മുഖം, കണ്ണ്, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ സ്‌പർശിക്കുന്നത് ഒഴിവാക്കുക.