മോദി സർക്കാരിനെ വിമർശിച്ച് സിവിൽ സർവീസിൽ നിന്ന് രാജി; മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവച്ച മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഇന്ന് രാവിലെ 11.30ന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കണ്ണൻ ഗോപിനാഥൻ രാജിവച്ചത്.
നോട്ടുനിരോധനം ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കണ്ണൻ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ അദ്ദേഹത്തിനെതിരെ കുറ്റപത്രം നൽകി. കേന്ദ്രത്തിന്റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്നായിരുന്നു കുറ്റപത്രം. പിന്നാലെയാണ് ദാദ്ര നാഗർ ഹവേലിയിലെ ഊർജ സെക്രട്ടറി പദവി രാജിവച്ചത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൽ നിന്നാണ് കണ്ണൻ അംഗത്വം സ്വീകരിച്ചത്. കനയ്യ കുമാർ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുന്നതിന് മുൻപ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കണ്ണൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നാണ് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കണ്ണന്റെ പ്രതികരണം. ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേയ്ക്കുള്ള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ച് പൗരന്മാരിലേയ്ക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോൾ എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.