ഇത്രയും ത്യാഗം സഹിച്ചാണ് പെൻഗ്വിനുകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്; മനുഷ്യരുടെ ഒരു പ്രത്യേകതയും ഇവയ്‌ക്കുണ്ട്
പക്ഷിയെന്ന് പറയുമെങ്കിലും പറക്കാൻ കഴിവില്ലാത്ത ജീവിയാണ് പെൻഗ്വിനുകൾ. പൊതുവെ തണുപ്പുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന പെൻഗ്വിനുകൾ പലപ്പോഴും മനുഷ്യരെപ്പോലെ വർഷങ്ങളോളം ഒരു പങ്കാളിയുമായി ഇണചേരുന്നതായിട്ടാണ് കണക്കാക്കാറുള്ളത്. അമ്പരപ്പിക്കുന്ന പല പ്രത്യേകതകളും ഈ ജീവിക്കുണ്ട്.
മനുഷ്യരെപ്പോലെത്തന്നെ പെൻഗ്വിനുകൾക്കിടയിലും 'വിവാഹമോചനം' അല്ലെങ്കിൽ വേർപിരിയൽ ഉണ്ടെന്ന പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കുറച്ചുനാളുകൾക്ക് മുമ്പ് എക്കോളജി ആൻഡ് എവല്യൂഷൻ ജേണലാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. പത്ത് വർഷത്തോളം നീണ്ട പഠനത്തിന്റെ റിപ്പോർട്ടാണ് ഇതിലുണ്ടായിരുന്നത്.
ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ 37,000 പെൻഗ്വിനുകളുള്ള കോളനിയിലാണ് പഠനം നടത്തിയത്. ജന്മം നൽകുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ തൃപ്തിയില്ലെങ്കിൽ പെൻഗ്വിൻ പുതിയ ഇണയെ തേടുമെന്നാണ് പഠന റിപ്പോർട്ടിലുള്ളത്. ഇണകളെ വഞ്ചിക്കാനും ഇവയ്ക്ക് മടിയ്‌ക്കാറില്ല. ഒരു ബന്ധത്തിൽ നിൽക്കുമ്പോൾ തന്നെ മറ്റൊരു ഇണയുമായി ചെറിയ കാലത്തേക്ക് ബന്ധം തുടരാനും ഇവ ശ്രമിക്കാറുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇണചേരലിൽ സംതൃപ്തിയുണ്ടാകാതെ വരുമ്പോൾ ഇവ വേർപിരിയാറുണ്ടത്രേ. തുടർന്ന് അടുത്ത ഇരയെ തേടിപ്പോകും. ഇണയെ അന്വേഷിക്കുന്നതിനും പ്രണയിക്കുന്നതിനും കുറച്ചധികം സമയം വേണ്ടിവരുന്നു. ഇതുവഴി പ്രത്യുൽപാദനം വൈകുകയോ പൂർണ്ണമായും തടയപ്പെടുകയോ ചെയ്യുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൂടു നിർമ്മാണം, മുട്ട ഇൻകുബേഷൻ, കുഞ്ഞുങ്ങളെ വളർത്തൽ തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ ഏകോപിപ്പിക്കുന്നതിൽ പുതിയ ജോഡികൾ അത്ര കാര്യക്ഷമമായിരിക്കില്ല.
അന്റാർട്ടിക്കയിലെ ഏറ്റവും സാധാരണമായ പക്ഷിയാണ് പെൻഗ്വിനുകൾ. എന്നാൽ 18 വ്യത്യസ്ത ഇനം പെൻഗ്വിനുകളിൽ രണ്ടെണ്ണം മാത്രമേ അന്റാർട്ടിക്കയെ അവരുടെ സ്ഥിരം വാസസ്ഥലമാക്കി മാറ്റുന്നുള്ളൂ. മറ്റുള്ളവ അന്റാർട്ടിക്ക ഉപദ്വീപിന്റെ വടക്കേ അറ്റത്ത് പ്രജനനം നടത്തുന്നു. കറുപ്പും വെള്ളയും ചേർന്ന ശരീരപ്രകൃതി തന്നെയാണ് ഇവർക്കെല്ലാമുള്ളത്. കോളനികളായിട്ടാണ് ഇവ കൂടുതലായും സഞ്ചരിക്കാറുള്ളത്. നൂറുകണക്കിന് പെൻഗ്വിനുകൾ ചേർന്നതാണ് ഒരു കോളനി. എല്ലാവരും ഒന്നിച്ചിരിക്കുന്നതുവഴി കൊടിയ തണുപ്പിൽ നിന്ന് അൽപം ആശ്വാസം ലഭിക്കും.
താപനില പൂജ്യത്തിന് താഴെയാകുമ്പോൾ, പെൻഗ്വിനുകളുടെ പാദങ്ങളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കും. ഇവയുടെ പാദങ്ങൾ ഒരിക്കലും മരവിക്കില്ല.പെൻഗ്വിനുകൾ കൂടുതൽ സമയവും വെള്ളത്തിലാണ് ചെലവഴിക്കുന്നത്. ഞണ്ടുകൾ അടക്കമുള്ളവയെ വേട്ടയാടും. ഏകദേശം ഇരുപത് വർഷമാണ് പെൻഗ്വിനുകളുടെ ആയുസ്. മണിക്കൂറിൽ 15 മൈൽ വേഗത്തിൽ നീന്താനുള്ള ശേഷി ഇവയ്ക്കുണ്ടത്രേ.
കുഞ്ഞുങ്ങളെ പരിപാലിക്കൽ
ഇണയ്‌ക്കൊപ്പം വർഷങ്ങളോളം തുടരും. ഒന്നോ രണ്ടോ മുട്ടകളാണ് ഇവ ഇടുക. വേനൽക്കാലത്താണ് പൊതുവെ പെൻഗ്വിനുകളുടെ പ്രജനനകാലം തുടങ്ങുന്നത്. എന്നാൽ ജെന്റു പെൻഗ്വിനുകളുടെ പ്രജനനം ശീതകാലത്താണ്. 35- 36 ദിവസമാണ് മുട്ടവിരയാൻ വേണ്ടത്. കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ആണ് പെൻഗ്വിനുകൾക്കാണ്.
ഇതിൽ എംപറർ പെൻഗ്വിനുകൾക്ക് വേറൊരു പ്രത്യേകതകൂടിയുണ്ട്. മുട്ടയിട്ട ശേഷം കോളനിയിൽ നിന്ന് 160 കിലോമീറ്ററോളം നടന്നിട്ടാണ് പെൺ പെൻഗ്വിനുകൾ കടലിലേക്ക് പോകുക. 64 ദിവസമെടുക്കും മുട്ടവിരിയാൻ. അതുവരെ ഇണയായ ആൺ എംപറർ മുട്ട സംരക്ഷിക്കും. കഠിനമായ സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മുട്ടയെ പാദങ്ങളുടെ മുകളിൽ പിടിച്ച്, മുട്ടയ്ക്ക് മുകളിൽ ഒരു ചർമ്മ പാളി പൊതിയുന്നു.
ഓഗസ്റ്റ് മാസത്തിലാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നത്. ഈ സമയം പെൺ പെൻഗ്വിനുകൾ കോളനിയിലേക്ക് മടങ്ങുന്നു. തണുപ്പിനെ സ്വന്തമായി നേരിടാൻ ശക്തി പ്രാപിക്കുന്നതുവരെ ഓരോ കുഞ്ഞും അതിന്റെ മാതാപിതാക്കളിൽ ഒരാളുടെ കാലിൽ നിൽക്കുന്നു. എന്നിരുന്നാലും, പുതുതായി വിരിഞ്ഞ കുഞ്ഞുങ്ങൾക്ക് തണുപ്പ് മാത്രമല്ല ഭീഷണി. മുട്ടകളോ കുഞ്ഞുങ്ങളോ നഷ്ടപ്പെട്ട പെൻഗ്വിനുകൾ കുഞ്ഞുങ്ങളെ വളർത്തുന്ന മാതാപിതാക്കളെ തടസപ്പെടുത്തുന്നു. ഇതിലൂടെ കുഞ്ഞുങ്ങളുടെ മരണനിരക്ക് വർദ്ധിപ്പിക്കുന്നു.