ദേശീയപാതയോരത്ത് മണ്ണും, അവശിഷ്ടങ്ങളും; വാഹന യാത്രികരുടെ കാഴ്‌ച മറച്ച് കാടത്തം
മുണ്ടക്കയം : കണ്ണൊന്ന് തെറ്റിയാൽ അപകടമുറപ്പാണ്. ഈ തോന്ന്യാസം ചെയ്യുന്നവരെ അധികൃതർ കാണുന്നില്ലേ. അതും ഏറെ തിരക്കുള്ള കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ. ചിറ്റടിക്കും നിർമലാരത്തിനുമിടയിൽ റോഡ് വക്കിൽ അനധികൃതമായി മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും തള്ളുന്നതാണ് വാഹനയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലെത്തുന്നവർക്കും എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത തരത്തിലാണ് ചിലയിടത്ത് മണ്ണ് തള്ളിയിരിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് കരാറുകാരടക്കം മണ്ണ് തള്ളുന്നുണ്ട്. ഇത് കൂടാതെ പഴയ കെട്ടിടങ്ങൾ, ശൗചാലയങ്ങൾ എന്നിവ പൊളിച്ചു നീക്കുന്നതിന്റെ അവശിഷ്ടങ്ങൾ സ്വകാര്യ വ്യക്തികൾ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് ഇടുന്നു.
നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം
പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തതാണ് ഇത്തരക്കാർക്ക് സഹായകരമെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത , ഗ്രാമപഞ്ചായത്ത് അധികൃതരും, പൊലീസും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വൻഅപകടങ്ങൾക്ക് കാത്തുനിൽക്കാതെ എത്രയും വേഗം ഇവ നീക്കം ചെയ്യണമെന്ന് ഏറെനാളായി ഉയരുന്ന ആവശ്യമാണ്. ഇതിനോടും അധികൃതർ മുഖംതിരിച്ച് നിൽക്കുകയാണ്.
''അതിവേഗത്തിൽ വാഹനങ്ങൾ മുന്നിൽ പോകുമ്പോൾ മണ്ണിൽ നിന്ന് മണൽ കലർന്ന പൊടി കണ്ണിലും മൂക്കിലും കയറുക സ്ഥിരമാണ്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നു. അധികൃതർ നടപടിയെടുക്കണം.
-അഞ്ജലി അരുൺ, യാത്രക്കാരി