ഈ കാറിന് മൈലേജ് 40, ഇ വിയെങ്കില്‍ റേഞ്ച് 500; ഞെട്ടിക്കാന്‍ ഒരുമ്പെട്ട് മാരുതി

Monday 13 October 2025 8:02 PM IST

ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് കാറെന്നാല്‍ അത് മാരുതിയാണ്. വിലക്കുറവും എന്നാല്‍ മികച്ച പ്രകടനവും ഉറപ്പ് നല്‍കുന്ന വാഹനങ്ങളുടെ ശ്രേണിയാണ് വിപണിയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സ്വീകാര്യത മാരുതിക്ക് കിട്ടുന്നതിന് പിന്നില്‍ എന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ ഏത് പുതിയ മോഡല്‍ അവതരിപ്പിച്ചാലും മിനിമം ഗ്യാരന്റി കമ്പനിക്ക് തന്നെ ഉറപ്പാണ്. സാധാരണഗതിയില്‍ മാരുതി ഒരു വാഹനം പുറത്തിറക്കിയാല്‍ അത് വിപണിയില്‍ പരാജയപ്പെടുന്നത് അപൂര്‍വമായിട്ടാണ്.

കമ്പനി അടുത്ത് തന്നെ പുറത്തിറക്കാന്‍ പോകുന്ന ചില മോഡലുകളില്‍ വലിയ പ്രതീക്ഷയാണ് വാഹന വിപണിക്കും ഉള്ളത്. കമ്പനിയുടെ ആദ്യത്തെ ഇ.വിയായ ഇ-വിറ്റാരയും അടുത്ത വര്‍ഷം അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യയില്‍ ഈ വാഹനം 2026 ജനുവരിയില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇ- വിറ്റാരയുടെ സവിശേഷതകള്‍

180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്.

മൂന്ന് ഡ്രൈവ്ട്രെയിനുകള്‍. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 49kWh ബാറ്ററിയും ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവില്‍ 61kWh ബാറ്ററിയും.

ആദ്യ മോഡല്‍ 144ബിഎച്ച്പി കരുത്തും പരമാവധി 189എന്‍എം ടോര്‍ക്കും. രണ്ടാമത്തേതില്‍ 174ബിഎച്ചപി കരുത്തും 189 എന്‍എം ടോര്‍ക്കും ലഭിക്കും.

ഓള്‍വീല്‍ ഡ്രൈവായ മൂന്നാമത്തെ ഓപ്ഷനില്‍ 184ബിഎച്ചപി കരുത്തും 300 എന്‍എം ടോര്‍ക്കുമാണുണ്ടാവുക.

റേഞ്ച് 500 കിലോമീറ്ററിനടുത്ത് ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

40 മൈലേജുമായി ഫ്രോങ്‌സ്

കെട്ടിലും മട്ടിലും ആകെ മാറ്റവുമായി ഫ്രോങ്‌സിന്റെ നവീകരിച്ച പതിപ്പും അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ പ്രതീക്ഷിക്കപ്പെടുന്ന വാഹനമാണ്. സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുകളില്‍ ആയിരിക്കും പുത്തന്‍ ഫ്രോങ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാരുതി ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹൈബ്രിഡ് മോഡലായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ Z12ഇ പെട്രോള്‍ എന്‍ജിനാവും പുതു തലമുറ ഫ്രോങ്സിന്റെ കരുത്ത്. സ്വിഫ്റ്റിലുള്ള ഇസഡ് സീരിസ് എന്‍ജിനിന്റെ ഹൈബ്രിഡ് മോഡലാണ് ഫ്രോങ്‌സിലും ഉപയോഗിക്കുക. ലീറ്ററിന് 35 മുതല്‍ 40 വരെ കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പ്രതീക്ഷിക്കുന്നത്.