പിക്കപ്പ് വാനും സ്കൂട്ടിയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പിക്കപ്പ് വാനും സ്കൂട്ടിയും കൂട്ടിയിടിച്ച് 2പേർക്ക് പരിക്ക്. ആറ്റിങ്ങലിൽ നിന്ന് അയിലം ഭാഗത്തേക്ക് പോയ ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷാ പിക്കപ്പ് വാഹനവും എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടിയും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു. അപകടത്തിൽപ്പെട്ട ഇരുവാഹനങ്ങളും ഓടിച്ചിരുന്നത് സ്ത്രീകളാണ്. ആറ്റിങ്ങൽ കൊടുമൺ സ്വദേശിനിയായ നിഷയാണ് സ്കൂട്ടർ യാത്രിക. ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മ സേനാംഗമായ ഇളമ്പ സ്വദേശിനിയായ ഉഷയാണ് പിക്കപ്പ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട ഇരുവരും ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല. ഈ ഭാഗത്ത് റോഡിന് ഇരുവശങ്ങളിലും വാഹനപാർക്കിംഗ് മൂലം നിത്യേന അപകടങ്ങളുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ നഗരസഭയുടെ ഓട്ടോപിക്കപ്പിന് വേണ്ടത്ര രേഖകളില്ലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭാധികൃതർ ഒത്തുതീർപ്പിന് സ്കൂട്ടി യാത്രക്കാരിയെ സമീപിച്ചതായും ആക്ഷേപമുണ്ട്.