ക്രീമി ലെയർ പരിധി 8 ലക്ഷമായി തുടരും

Tuesday 14 October 2025 12:00 AM IST

ന്യൂഡൽഹി: ഒ.ബി.സി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിലും സംവരണത്തിനുള്ള ക്രീമി ലെയർ വാർഷിക വരുമാന പരിധി നിലവിലെ എട്ടു ലക്ഷത്തിൽ നിന്ന് തത്കാലം ഉയർത്തേണ്ട നിലപാടിൽ കേന്ദ്ര സർക്കാർ. പരിധി 12 ലക്ഷമായി ഉയർത്തണമെന്ന സാമൂഹ്യ ക്ഷേമത്തിനുള്ള പാർലമെന്ററി കമ്മിറ്റി ശുപാർശയിൽ തീരുമാനം വൈകും.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പടക്കം മുന്നിൽക്കണ്ടാണ് സർക്കാർ നിലപാട്. പരിധിയിൽ ഉയർത്തിയാൽ ചെറിയൊരു വിഭാഗത്തിനു മാത്രമേ ഗുണമുണ്ടാകൂവെന്നും, സാമ്പത്തികമായി കൂടുതൽ പിന്നാക്കമുള്ള ഒ.ബി.സി വിഭാഗത്തിന് തിരിച്ചടിയാകുമെന്നും കേന്ദ്ര സർക്കാർ കരുതുന്നു. പണപ്പെരുപ്പത്തിനനുസരിച്ച് പരിധി മൂന്നു വർഷം കൂടുമ്പോൾ ഉയർത്തണമെന്നാണ് ചട്ടം. 2017 സെപ്‌തംബറിലാണ് ആറര ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷമായി പരിധി ഉയർത്തിയത്. 2020, 2023 വർഷങ്ങളിൽ അതു നിലനിറുത്തി.

ബി.ജെ.പി എംപി ഗണേഷ് സിംഗ് ചെയർമാനായി ഒ.ബി.സി ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ടിൽ, വരുമാന പരിധി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത സാമൂഹിക നീതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിരുന്നു.

8 ലക്ഷം പരിധി ചെറിയ വിഭാഗത്തെ മാത്രമാണ് ഉൾക്കൊള്ളുന്നതെന്നും ഒ.ബി.സി വിഭാഗത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പദവി ഉയർത്താൻ അത് ഉതകില്ലെന്നും റിപ്പോർട്ടിലുണ്ട്. വലിയ വിഭാഗം സംവരണ നയത്തിന്റെ ആനുകൂല്യങ്ങൾക്ക് പുറത്താണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ. ഉടൻ നടപ്പാക്കാൻ ആലോചനയില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.

2020 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ വരുമാന പരിധി ഉയർത്താനുള്ള നടപടികൾക്ക് തുടക്കമിട്ടിരുന്നു. അതിനിടെയാണ് വരുമാനത്തിന്റെ നിർവചനത്തിൽ ശമ്പളവും ഉൾപ്പെടുത്തി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ സാമൂഹിക നീതി മന്ത്രാലയം നീക്കം തുടങ്ങിയത്. മാതാപിതാക്കളുടെ പ്രതിമാസ ശമ്പളം, കാർഷിക വരുമാനം ഉൾപ്പെടെ മൊത്തം വരുമാനവും ഉൾപ്പെടുത്താനായിരുന്നു നീക്കം. വിവാദമായതോടെ ഈ ശ്രമം ഉപേക്ഷിച്ചു.