പ്രതികൾ തിങ്ങിനിറഞ്ഞ് ജില്ലയിലെ ജയിലുകൾ
ആലപ്പുഴ : ആലപ്പുഴ ജില്ലാ ജയിലിലും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലും പാർപ്പിച്ചിട്ടുള്ളത് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയോളം തടവുകാരെ. 84 പേരെവീതം ഉൾക്കൊള്ളാവുന്നതാണ് ഇരു ജയിലുകളും. എന്നാൽ, ആലപ്പുഴ ജില്ലാ ജയിലിൽ 161പേരും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ 182ഉം പ്രതികളാണ് ഇപ്പോഴുള്ളത്. മഴമാറി ചൂടായതോടെ ഇരുനില കെട്ടിടത്തിൽ തിങ്ങിക്കിടക്കുന്നത് തടവുകാർക്ക് മാനസിക- ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കുന്നുണ്ട്.
ജയിൽ പരിശോധനയ്ക്കെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥരോടും ജുഡീഷ്യൽ ഓഫീസർമാരോടും തടവുകാരുടെ ആധിക്യം ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പരിഹാരം നീളുകയാണ്. ആലപ്പുഴയിലെ ജയിൽ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ളോക്കിനെ സബ് ജയിലാക്കി ഉത്തരവ് ഇറങ്ങിയെങ്കിലും ഉദ്ഘാടനം നടന്നിട്ടില്ല. 70 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളതെങ്കിലും വേണ്ടിവന്നാൽ 100 പേർക്ക് വരെ കഴിയാനാകുമെന്നാണ് ജയിൽ അധികൃതരുടെ കണക്കുകൂട്ടൽ.
സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കഴിയുന്ന കേസുകളിൽപ്പെടുന്നവരെയും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കോടതിയിൽ ഹാജരാക്കുന്നെന്ന് ആരോപണമുണ്ട്. ഇത് തടവുകാരുടെ എണ്ണം വർദ്ധിക്കാൻ ഇടവരുത്തുന്നു. ജാമ്യത്തിലിറക്കാൻ ആരും എത്താത്തവരും ജയിലുകളിലെ അന്തേവാസികളായി മാറും. ശബരിമല സ്വർണക്കവർച്ചയുടെ പേരിൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുക കൂടി ചെയ്തതോടെ റിമാൻഡ് തടവുകാരുടെ എണ്ണം വീണ്ടും കൂടാനാണ് സാദ്ധ്യത.
തുറക്കാതെ പുതിയ ബ്ളോക്കുകൾ
1. ആലപ്പുഴയിലെ നാലു ബ്ളോക്കുകളുള്ള കെട്ടിടം പൂർത്തിയായെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ തടവുകാരെ പ്രവേശിപ്പിച്ചിട്ടില്ല
2. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ പുതിയ ബ്ളോക്കിന്റെ നിർമ്മാണം പകുതിയോളമേ പൂർത്തിയായിട്ടുള്ളൂ
3. ഇതിൽ തടവുകാർക്ക് ഒരു ബ്ളോക്ക് മാത്രമാണുള്ളത്. പുതിയ ബ്ളോക്കിന്റെ ബാക്കി ഭാഗം ഓഫീസിനുള്ളതാണ്
4. കെട്ടിടം പണി തീർന്നാലും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തടവുകാരുടെ ദുരിതത്തിന് പരിഹാരമാകില്ല
ജയിൽ പരിഷ്‌കരണ റിപ്പോർട്ട്
ഡോ. അലക്‌സാണ്ടർ ജേക്കബ് അദ്ധ്യക്ഷനായ ജയിൽ പരിഷ്‌കരണ കമ്മിഷന്റെ പഠന റിപ്പോർട്ടിൽ താലൂക്ക് തലത്തിൽ ജയിലുകൾ നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ജില്ലയിൽ ആറു താലൂക്കുകളുണ്ടെങ്കിലും രണ്ടിടത്തു മാത്രമാണ് ജയിൽ ഉള്ളത്. അരൂർ, ചെങ്ങന്നൂർ മേഖലകളിലെ സ്റ്റേഷനുകളിൽ നിന്നുള്ള പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് പൊലീസ്.
ആലപ്പുഴ ജില്ലാ ജയിലിൽ തടവുകാർ : 161
മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തടവുകാർ : 182