നാടിനെ നയിക്കാൻ കൂടുതൽ വനിതകൾ,​ തെക്കുംകരയിൽ 19 ൽ 10 ഉം വനിതാസംവരണം

Tuesday 14 October 2025 12:00 AM IST
1

പുന്നംപറമ്പ് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീറും ആവേശവും നാടെങ്ങും നിറയുമ്പോൾ നാടിനെ നയിക്കാൻ കൂടുതൽ വനിതകൾ അമരത്തേയ്ക്ക് എത്തുമെന്ന് ഉറപ്പായി. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുമ്പോൾ പലർക്കും മോഹഭംഗവും നിരാശയും സമ്മാനിക്കുകയാണ് വാർഡ് സംവരണ നറുക്കെടുപ്പ്. തെക്കുംകര പഞ്ചായത്ത് ഭരണം ഇനി വളയിട്ട കൈകളിലാകുമെന്ന് ഉറപ്പായി. ആകെയുള്ള 19 വാർഡുകളിൽ 10ഉം വനിത സംവരണമാണ്. ഇടതു കോട്ടകളായി വിലയിരുത്തപ്പെടുന്ന മലാക്ക പട്ടികജാതി വനിതസംവരണ വാർഡായപ്പോൾ വാഴാനി പട്ടികജാതി പുരുഷവാർഡായി. ബി.ജെ.പി സ്ഥിരമായി ജയിച്ചു വരുന്ന കരുമത്ര ഇത്തവണ ജനറൽ വാർഡാണ്. മറ്റൊരു ബി.ജെ.പി വാർഡായ പുന്നംപറമ്പ് വനിത സംവരണമായി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ പ്രതിനിധീകരിക്കുന്ന മേപ്പാടം വാർഡ് വനിതയായപ്പോൾ വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മിയുടെ വാർഡായ പനങ്ങാട്ടുകര ജനറൽ വിഭാഗത്തിലേക്ക് മാറി. കരുമത്ര വടക്കേക്കര, വിരുപ്പാക്ക, മണലിത്തറ കിഴക്കേക്കര, ഊരോക്കാട്, കല്ലംപാറ, ചെമ്പോട്, തെക്കുംകര എന്നിവയാണ് മറ്റ് വനിത വാർഡുകൾ. മണലിത്തറ, പഴയന്നൂപ്പാടം, വീരോലിപ്പാടം, കുണ്ടുകാട്, പറമ്പായി, നായരങ്ങാടി, എന്നിവ ജനറൽ വാർഡുകളായി.

പുതിയ സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. സ്ഥിതിഗതികൾ സസൂക്ഷ്മം പരിശോധിക്കുകയാണ് രാഷ്ട്രീയപാർട്ടികൾ. വനിത സംവരണ വാർഡുകളിലേക്ക് അനുയോജ്യമായ സ്ഥാനാർത്ഥികളെ തേടുന്ന പ്രവർത്തനവും ആരംഭിച്ചു.

കക്ഷിനില (ആകെ 18 വാർഡുകൾ)

  • എൽ.ഡി.എഫ്-11
  • യു.ഡി.എഫ്-05
  • എൻ.ഡി.എ-01
  • സ്വതന്ത്രൻ-01

പ്രധാന വാർഡ് മാറ്റങ്ങൾ

  • പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന മേപ്പാടം വാർഡ് വനിത സംവരണം.
  • വൈസ് പ്രസിഡന്റിന്റെ വാർഡ് പനങ്ങാട്ടുകര ജനറൽ വിഭാഗം.
  • എൽ.ഡി.എഫിന് മേൽക്കോയ്മയുള്ള മലാക്ക പട്ടികജാതി വനിത സംവരണം.
  • ബി.ജെ.പി മേൽക്കോയ്മയുള്ള കരുമത്ര ജനറൽ വിഭാഗം.