ബന്ദികൾക്ക് മോചനം; ഗാസയിൽ ശാന്തി , യുദ്ധം അവസാനിച്ചെന്ന് ട്രംപ്

Tuesday 14 October 2025 12:00 AM IST

ടെൽ അവീവിൽ ആഹ്ളാദ പ്രകടനം തടവുകാരെ വരവേറ്റ് ഹമാസ് ഈജിപ്റ്റിൽ സമാധാന ഉച്ചകോടി

ടെൽ അവീവ്: ഹമാസിന്റെ ഇരുട്ടറകളിൽ മരണത്തെ മുഖാമുഖം നേരിട്ട 20 ഇസ്രയേലി ബന്ദികൾ 737 ദിവസത്തിനുശേഷം പിറന്ന മണ്ണിലെ ജീവവായു ശ്വസിച്ചു. ഇസ്രയേലിലെ തടവറകളിൽ കഴിഞ്ഞ 1,968 പാലസ്തീനിയൻ തടവുകാർ സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും കണ്ടു.

യുദ്ധം അവസാനിച്ചതായി ഇസ്രയേൽ പാർലമെന്റിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം.

ഗാസയുടെ ഭാവി തീരുമാനിക്കാനുള്ള നിർണായക സമാധാന ഉച്ചകോടി ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്റ്റിലെ ഷാം അൽ ഷെയ്ഖിൽ ആരംഭിച്ചു. 20ലേറെ ലോക നേതാക്കൾ പങ്കെടുക്കുന്നു.

ഇസ്രയേൽ ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കുകയും നിശ്ചിത ഇടങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിച്ചത്. നാലു ബന്ദികളുടെ മൃതദേഹങ്ങൾ രാത്രി കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങൾ ഘട്ടംഘട്ടമായി കൈമാറും.

റെഡ് ക്രോസിന് കൈമാറിയ ബന്ദികളെ ഇസ്രയേൽ സൈന്യം ഹെലികോപ്റ്ററിൽ സ്വന്തം രാജ്യത്ത് എത്തിച്ചു. ഉറ്റവരും അധികൃതരും വരവേറ്റു. തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പാലസ്തീനിയൻ തടവുകാരെ സ്വീകരിക്കാൻ ഖാൻ യൂനിസിലെ നാസർ ആശുപത്രിയ്ക്ക് മുന്നിൽ ഹമാസ് അംഗങ്ങൾ ഒത്തുകൂടി ശക്തിപ്രകടനം നടത്തി.

ബന്ദി കൈമാറ്റം പൂർത്തിയായി രണ്ടു മണിക്കൂറിനുള്ളിൽ ടെൽ അവീവിന് സമീപമുള്ള ബെൻ ഗുരിയൻ എയർപോർട്ടിലെത്തിയ ട്രംപിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെർസോഗും സ്വീകരിച്ചു. ബന്ദികളുടെ കുടുംബാംഗങ്ങളെ കണ്ടശേഷം ട്രംപ് ഇസ്രയേലി പാർലമെന്റിനെ അഭിസംബോധന ചെയ്തു. തുടർന്നാണ് ഈജിപ്റ്റിലേക്ക് പോയത്.

``ആകാശം ശാന്തം. തോക്കുകൾ നിശബ്ദം. സൈറണുകൾ നിശ്ചലം. ഒടുവിൽ പുണ്യഭൂമിയിൽ സമാധാനത്തിന്റെ സൂര്യോദയം.

- ഡൊണാൾഡ് ട്രംപ് (ഇസ്രയേൽ പാർലമെന്റിൽ പറഞ്ഞത്)

ഗാസയുടെ ഭരണ കൈമാറ്റം?

സമാധാന ഉച്ചകോടിയിൽ ട്രംപ് ചെയർമാനായി രാജ്യന്തര സമാധാന ബോർഡ് രൂപീകരിക്കും. പാലസ്തീൻ നേതാക്കൾ ഉൾപ്പെടുന്ന സ്വതന്ത്ര ബോർഡിന് ഗാസയുടെ താത്കാലിക ചുമതല കൈമാറും.

പ്രതിസന്ധി

ഭരണകൈമാറ്റത്തിന് തയ്യാറെങ്കിലും പാലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ആയുധം താഴെവയ്ക്കാൻ ഹമാസ് തയ്യാറല്ല. നിരായുധീകരണത്തിന് ഹമാസ് വിസമ്മതിച്ചാൽ ഇസ്രയേൽ തിരിച്ചടിക്കും.

 ബന്ദികൾ ഇങ്ങനെ

251: ഹമാസ് 2023 ഒക്ടോബർ 7ലെ

ആക്രമണത്തിൽ ബന്ദികളായവർ

146: മോചിതരാവുകയോ,

രക്ഷപെടുകയോ ചെയ്തു

57 : കൊല്ലപ്പെട്ടവർ

20: ഇന്നലെ മോചിതരായവർ

4: ഇന്നലെ ഇസ്രയേലിന് കൈമാറിയ മൃതദേഹങ്ങൾ

24: ഗാസയിൽ ശേഷിക്കുന്ന ബന്ദികൾ

(22 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 2 പേരെ പറ്റി വിവരമില്ല)