അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകന്‍, സംഭവം ഇളയ മകന്‍ വീട്ടിലുള്ളപ്പോള്‍

Monday 13 October 2025 11:14 PM IST
CRIME

പത്തനംതിട്ട: സ്വത്ത് വകകള്‍ തട്ടിയെടുക്കാന്‍ സ്വന്തം അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകന്റെ ഭീഷണി. അമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, അടൂരിലെ പള്ളിക്കല്‍ ആനയടി ചെറുകുന്ന് വീട്ടില്‍ ലിസി (65)യെ ആണ് ഇവരുടെ മൂത്ത മകന്‍ ഭീഷണിപ്പെടുത്തിയത്. ലിസിയുടെ രണ്ടാമത്തെ മകനായ ജോറിന്‍ ആണ് കേസില്‍ അറസ്റ്റിലായത്. ഭര്‍ത്താവുമൊത്ത് അമേരിക്കയിലും ഗള്‍ഫിലും ജോലി ചെയ്തിരുന്ന ലിസി നാല് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

ലിസി തന്നെയാണ് മകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മൂന്ന് ആണ്‍മക്കളുടെ അമ്മയാണ് ലിസി. മൂത്ത മകന്‍ സന്തോഷ്, ഭാര്യക്കും കുടുംബത്തിനുമൊപ്പം ഗോവയിലാണ് താമസിക്കുന്നത്. രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയും, ഇളയ മകന്‍ ഐറിനും കുടുംബവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഐറിനും കുടുംബവും മറ്റൊരു മുറിയില്‍ ആയിരിക്കുമ്പോഴാണ് ജോറിന്‍ തോക്കുമായി എത്തി അമ്മയെ ഭീഷണിപ്പെടുത്തിയത്.

അമ്മയുടെ മുറിയിലെത്തിയ ജോറിന്‍ സ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ ലിസി വസ്തുവകകള്‍ എഴുതിക്കൊടുക്കാം എന്നു പറഞ്ഞു. ഇതിനിടെ ഇളയ മകന്‍ ഐറിന്‍ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ജോറിനെ കൂട്ടിക്കൊണ്ടു പോയെങ്കിലും തോക്കുകള്‍ കിട്ടിയില്ല. ലിസിയുടെ മൊഴി അടൂര്‍ പൊലീസ് രേഖപ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തോക്കുകള്‍ കണ്ടെത്തി. ജോറിനെ കോടതിയില്‍ ഹാജരാക്കി.