നെല്ലിൽ വ്യാപക കളശല്യം;  കർഷകർ ആശങ്കയിൽ

Tuesday 14 October 2025 2:32 AM IST

കള ശല്യം രൂക്ഷമായ കരടി മാടിലെ ഒരു പാടം

സുൽത്താൻ ബത്തേരി: നെല്ലിനോടൊപ്പം വളർന്ന് പൊങ്ങിയ കളകൾ നെല്ലിന് ഭീഷണിയായതോടെ കർഷകർ ആശങ്കയിലായി. നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട്, കരടിമാട് തുടങ്ങിയ പാടശേഖരങ്ങളിലാണ് നെല്ലിൽ വ്യാപകമായി കള കണ്ടുവരുന്നത്.

വിത്തിന്റെയും വളത്തിന്റെയും കൂടെയാണ് കളയുടെ വിത്തും കൂടി ചേരുന്നത്. ഇവ നെല്ല് വളരുന്നതോടൊപ്പം തന്നെ കളയും വളരുന്നു. നേരത്തെ കളയുണ്ടായിരുന്ന പാടശേഖരങ്ങളിലെ കള വിത്തുകൾ മണ്ണിൽ കിടക്കുകയും അവ മഴ വെള്ളത്തോടൊപ്പം ഒലിച്ച് വയലുകളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. നെല്ല് ഏതാണ് കള ഏതാണെന്ന് തിരിച്ചറിയാനാകാത്ത വിധമാണ് ഇതിന്റെ വളർച്ച. നെല്ല് വിളഞ്ഞ് പാകമാകുമ്പോഴെക്കും കളയുടെ വിത്തും പാകമായിട്ടുണ്ടാകും. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച കൊയ്‌തെടുക്കുമ്പോൾ ഈ കളകൾ തരം തിരിച്ചെടുക്കാൻ കഴിയാതെ വരുന്നു. നാട്ടിവെച്ച് നെല്ല് പകമാകുന്നതോടെ കള കണ്ടെത്തി പറിച്ച് മാറ്റിയില്ലെങ്കിൽ നെല്ലിനെ കള വിഴുങ്ങുകയും വിളവ് പറ്റെ കുറയുകയും ചെയ്യും. കള നീക്കം ചെയ്യുന്നതിന് വൻ തുക കളനാശിനികൾക്കായി കർഷകർ ചെലവഴിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം ലഭിക്കുന്നില്ലന്നാണ് കർഷകർ പറയുന്നത്. കള ഭീഷണി നെല്ലിന്റെ വിളവിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഒരു ഏകർ വയലിൽ നിന്ന് പത്തും പതിനഞ്ചു ക്വിന്റൽ നെല്ല് കിട്ടികൊണ്ടിരുന്ന സ്ഥാനത്ത് കളശല്യം രൂക്ഷമായ വയലിൽ നിന്ന് അഞ്ച് ക്വിന്റലിൽ താഴെ മാത്രമാണ് നെല്ല് കിട്ടുന്നുള്ളുവെന്നാണ് കർഷകർ പറയുന്നത്.