'സർക്കാർ പദ്ധതികളെക്കുറിച്ച്  ബോധവത്ക്കരണം വേണം " 

Tuesday 14 October 2025 2:34 AM IST
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പ്രത്യേക ബോധവത്ക്കരണ ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കുന്നു

സുൽത്താൻ ബത്തേരി: സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് നിരന്തര ബോധവത്ക്കരണം അനിവാര്യമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. പദ്ധതികളെക്കുറിച്ച് ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കാൻ വിവധ വകുപ്പുകൾ ശ്രമങ്ങൾ നടത്തണംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുൽത്താൻ ബത്തേരിയിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പ്രത്യേക ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സർക്കാർ വകുപ്പുകൾ ഒരുമിച്ച് ചേർന്നാണ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും നൽകുന്നത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന ബോധവത്ക്കരണ പരിപാടി നടത്തുന്നത്.

സർക്കാർ പദ്ധതികളെക്കുറിച്ച് ക്ലാസുകൾ, സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ആധാർ സേവനങ്ങൾ, കലാപരിപാടികൾ, ക്വസ് മത്സരങ്ങൾ തുടങ്ങിയവ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാലി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സി.ബി.സി കേരള ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി മുഖ്യ പ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി ആഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് സി.ഡി.പി.ഒ. ഡോ. ആൻ ഡാർളി വർഗീസ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഗീത വി.പി, വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.വി. പ്രജിത്ത് കുമാർ, ടെക്ക്നിക്കൽ അസിസ്റ്റന്റ് കെ.എസ്. ബാബുരാജൻ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് എം. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രതിരോധ സേനകളിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റിനെക്കുറിച്ച് കോഴിക്കോട് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസിൽ നിന്നുള്ള ആർമി റിക്രൂട്ടിംഗ് മെഡിക്കൽ ഓഫീസർ മേജർ അൻമോൽ പരഷാർ ക്ലാസെടുത്തു. റിട്ട. മേജർ നവദീപ് കൗർ സേനകളിലെ സ്ത്രീകൾക്കുള്ള അവസരങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി പ്രശ്‌നോത്തരി മത്സരവും സിബിസി കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

ജില്ലാ ശുചിത്വ മിഷൻ, ജില്ലാ ലീഡ് ബാങ്ക്, ഇന്ത്യ പോസ്റ്റ്, വനിതാ സംരക്ഷണ യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ഐ.സി.ഡി.എസ്., ബി.എസ്.എൻ.എൽ, ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. 17ാം തീയതി വരെ പ്രദർശനം നടക്കും. പ്രവേശനം സൗജന്യമാണ്.