മുളകുപൊടിയെറിഞ്ഞ് നാലു പേരെ വെട്ടി പരിക്കേൽപ്പിച്ചു, ഗുണ്ടാ സഹോദരങ്ങൾ പിടിയിൽ
തൃശ്ശൂർ: ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട സഹോദരങ്ങൾ നടത്തിയ അക്രമത്തിൽ നാലുപേർക്ക് വെട്ടേറ്റു. വഴിയിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. ഇന്നലെ വൈകുന്നേരം തൃശ്ശൂർ ചേലക്കോട്ടുകരയിൽ 5.15 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ തൃശ്ശൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിജോ എന്നയാൾ ബൈക്കിൽ ഭാര്യവീടായ അഞ്ചേരിയിലേക്ക് വരികയായിരുന്നു. പഴക്കച്ചവടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന ഒരു ഗുഡ്സ് ഓട്ടോറിക്ഷ ഇയാളുടെ വീട്ടിലേക്കുള്ള വഴിക്ക് തടസ്സമുണ്ടാക്കി. ഇതിനെ തുടർന്നാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുധീഷ്, വിമൽ, കിരൺ, വിനിൽ എന്നിവരുമായി നിജോ വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് രൂക്ഷമായ തർക്കത്തിലേർപ്പെട്ടത്. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് നിജോ.
തർക്കത്തിന് പിന്നാലെ നിജോ ഇവിടെനിന്ന് പോവുകയും ഗുണ്ടാലിസ്റ്റിൽപ്പെട്ട സഹോദരനായ നെൽസണുമായി മടങ്ങിയെത്തുകയുമായിരുന്നു. സഹോദരങ്ങൾ ചേർന്ന് ഓട്ടോയിലുണ്ടായിരുന്ന നാലുപേർക്ക് നേരെ മുളകുപൊടിയെറിഞ്ഞ ശേഷം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതികൾ ബൈക്കിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
എന്നാൽ സംഘർഷത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണ് നിജോയെയും നെൽസണെയും ഒല്ലൂർ പൊലീസ് പിടികൂടിയത്. വഴിയരികിൽ വാഹനം നിർത്തിയതിന്റെ പേരിൽ നടന്ന നിസാര തർക്കമാണ് വടിവാളെടുക്കുന്ന നിലയിലേക്ക് വളർന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.